കോട്ടയം: മഹാത്‌മാഗാന്ധി സർവകലാശാലയിൽ കൈക്കൂലി കേസിൽ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ സിൻഡിക്കേറ്റ് ഉപസമിതി പുനരന്വേഷണം നടത്തും. നടപടിക്രമങ്ങളിലെ വീഴ്‌ച ചൂണ്ടിക്കാട്ടി പിരിച്ചുവിടൽ റദ്ദാക്കിക്കൊണ്ട് ഗവർണർ നൽകിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്‌റ്റും നൽകുന്നതിന് എം.ബി.എ. വിദ്യാർഥിനിയിൽനിന്ന് പല തവണയായി 1.25 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിലാണ് പരീക്ഷാഭവൻ അസിസ്‌റ്റന്റായിരുന്ന സി.ജെ. എൽസിയെ 2022 ഡിസംബറിൽ പിരിച്ചുവിട്ടത്. 15,000 രൂപ കൈക്കൂലി വാങ്ങുന്ന സമയത്താണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. പിന്നീട് അന്വേഷണം നടത്തിയ സർവകലാശാല ഇവരെ പിരിച്ചുവിടുകയായിരുന്നു.
സർവകലാശാല നടത്തിയ അന്വേഷണത്തിനിടെ എൽസിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിരുന്നില്ല. ആ സമയത്ത് അവർ ജയിലിലായിരുന്നു. തന്റെ മൊഴി കേൾക്കാതെ തന്നെ പിരിച്ചുവിട്ടത് നടപടിയിലെ വീഴ്‌ചയാണെന്ന് കാണിച്ച് എൽസി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പിരിച്ചുവിട്ട നടപടി തത്‌കാലത്തേക്ക് മരവിപ്പിച്ചുകൊണ്ടും നടപടികൾ പൂർത്തിയാക്കി വീണ്ടും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ഏപ്രിലിൽ ഗവർണർ ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ അവരുടെ സസ്‌പെൻഷൻ നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്.
നാലുമാസത്തിനകം അന്വേഷണം നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ കഴിഞ്ഞ സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നടപടിയെടുത്തില്ല. യു.ഡി. എഫ്. അധികാരത്തിൽ വന്നശേഷം രൂപം നൽകിയ പുതിയ സിൻഡിക്കേറ്റ് കൂടുതൽസമയം ആവശ്യപ്പെടുകയായിരുന്നു.
കെ.എം. മിജാസ്, രാജേഷ് കോമത്ത്, ആതിര പ്രകാശ് എന്നിവരടങ്ങുന്ന ഉപസമിതി അന്വേഷണം നടത്തും. നടപടികളിലെ ‘പിഴവ്’ തിരുത്താനാണ് അന്വേഷണമെന്നും നിലവിലുള്ള വിജിലൻസ് കേസുമായി ഈ അന്വേഷണത്തിന് ബന്ധമില്ലെന്നും സർവകലാശാലാ അധികൃതർ അറിയിച്ചു.
Content Highlights: MGU Syndicate sub-committee to re-investigate the bribery case involving a former employee., Governor annulled the earlier dismissal due to procedural lapses as the employee's statement was not recorded while in jail., The re-investigation follows a directive issued to correct procedural errors, though it is separate from the ongoing Vigilance case.
Published: 30 Sept 2026, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented