
വീട്ടുകിണറ്റിലെ വെള്ളം ഡീസൽ കലർന്ന നിലയിൽ | ഫോട്ടോ: ലത്തീഷ് പൂവ്വത്തൂർ
കണ്ണൂർ: പള്ളിക്കുന്നിൽ വീട്ടുകിണറ്റിലെ വെള്ളത്തിന് കടുത്ത മണവും നിറംമാറ്റവും. ഡീസലിന്റെ സാന്നിധ്യമെന്ന് സംശയം. പള്ളിക്കുന്ന് ജയ് ജവാൻ റോഡിൽ പിഡബ്ല്യുഡി മുൻ എക്സി. എൻജിനീയർ സി.എച്ച്. സുരേന്ദ്രന്റെ വീട്ടുകിണറ്റിലാണ് ഡീസലിനോട് സമാനതയുള്ള പദാർഥത്തിന്റെ സാന്നിധ്യം കാണുന്നത്. നാലുദിവസം മുൻപാണ് കിണർവെള്ളത്തിനുള്ള നിറംമാറ്റവും ഡീസലിന്റെ മണവും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പരിസരവാസികളും വീട്ടുകാരും ചേർന്ന് ബക്കറ്റിൽ കോരിയെടുത്ത് തീപ്പെട്ടിയുരച്ചപ്പോൾ തീ ആളിക്കത്തുന്നുണ്ട്. പരിസരത്തെല്ലാം ഡീസലിന്റെ രൂക്ഷ ഗന്ധവുമുണ്ട്. ഈ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ടെങ്കിലും മറ്റ് കിണറുകളിലെ വെള്ളത്തിനൊന്നും അസ്വാഭാവികതയില്ല. കടുത്ത വേനലിലും അഞ്ച് പടവ് വരെ വെള്ളമുണ്ടാകുന്ന കിണറിന് 37 വർഷം പഴക്കമുണ്ട്. ഈ വെള്ളമാണ് കുടിക്കാനെടുത്തിരുന്നതെന്നും ഇപ്പോൾ ദിനംപ്രതി ഡീസൽ സാന്നിധ്യം കൂടിവരികയാണെന്നും വീട്ടുകാർ പറഞ്ഞു. പൊതുജലവിതരണ സംവിധാനത്തിൽനിന്നും അടുത്തുള്ള വീടുകളിൽനിന്നുമാണ് ഇവരിപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്.
വീടിനടുത്തായി ജയിൽവകുപ്പിന്റെ ഇന്ധന പമ്പ് പ്രവർത്തിക്കുന്നുണ്ട്. കിണർവെള്ളത്തിലെ അസ്വാഭാവികതയ്ക്ക് പമ്പിന്റെ ഇന്ധനസംഭരണിയുമായി ബന്ധമുണ്ടോ എന്ന സംശയത്തിന്മേൽ ബന്ധപ്പെട്ടവർ വീട്ടിലെത്തി കിണർവെള്ളം പരിശോധിച്ചു. വിഷയം സംബന്ധിച്ച് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകുമെന്നും കിണർവെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും വീട്ടുകാർ പറഞ്ഞു.
Content Highlights: A well in Pallikkunnu, Kannur, shows discoloration and a strong diesel-like odor, raising contamination concerns. Residents suspect fuel presence.
Published: 15 Dec 2025, 07:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented