എരിവുള്ള ഭക്ഷണങ്ങൾക്കോ, അമിതമായ ആഹാരത്തിനോ ശേഷം അസിഡിറ്റി ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ നെഞ്ചെരിച്ചിലോ, സമാനമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് ഡിസീസ് ( (GERD)ആവാനുള്ള സാധ്യതയുണ്ട്. ആമാശയത്തിലെ ആസിഡ് തുടർച്ചയായി മുകളിലേക്ക് വരുന്നതാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. 

To advertise here,

നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയവ ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങളാണ്. ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങളെ പ്രതിരോധിക്കാനുള്ള വഴികളേക്കുറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിക്കേണ്ട ആഹാരപദാർഥങ്ങൾ എന്തൊക്കെയാണെന്ന് ഡോ.സൗരഭ് പങ്കുവെച്ചത്. ആസിഡ് റിഫ്ലക്സ് പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ഔഷധമായി ഡോ.സൗരഭ് പറയുന്നത് പെരുഞ്ചീരകമാണ്. ഏറ്റവും മികച്ച ചായ ഇഞ്ചിച്ചായയും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ ഫൈബർ അൽപം പച്ചനിറമുള്ള പഴമാണെന്നും അദ്ദേഹം പറയുന്നു.

ആസിഡ് റിഫ്ലക്സിന് ഏറ്റവും അനുകൂലമായ പ്രോട്ടീൻ മുട്ടയാണെന്നും ഡോക്ടർ പറയുന്നു. അസിഡിക് റിഫ്ലക്സ് സാധ്യത കുറയ്ക്കുന്ന സ്നാക്സ് ബദാമും കക്കരിക്കയുമാണ്. ആസിഡ് റിഫ്ലക്സിന് വെള്ളം ധാരാളം കുടിക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

നിസ്സാരമാക്കരുത്

ആസിഡ് റിഫ്ലക്സ് സാധാരണമെന്ന് കരുതി നിസ്സാരമാക്കുന്നവർ ഏറെയാണ്. എന്നാൽ കാലക്രമേണ ഇത് അന്നനാളത്തിൽ നീർവീക്കത്തിന് കാരണമാവും. ചെറിയ പുകച്ചിലായി തുടങ്ങുന്ന പ്രശ്നം പിന്നീട് അൾസർ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അന്നനാളത്തിലെ അർബുദം എന്നിവയിലേക്ക് നയിച്ചേക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
  • അത്താഴം നേരത്തെ കഴിക്കുക.
  • രാത്രി വൈകി എണ്ണമയമുള്ളതും, എരിവുള്ളതും, അസിഡിറ്റിയുള്ളതും, വറുത്തതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക.
  • ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കിടക്കുന്നത് ഒഴിവാക്കുക.
  • കഫീൻ, മദ്യം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.
  • ശരീരത്തിൽ ജലാംശം നിലനിർത്തുക.
  • നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
  • ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ അസിഡിറ്റി ഉണ്ടായാൽ വൈദ്യസഹായം തേടാം.