ചെന്നൈ: കിണറ്റിൽ ചാടിയ ഭിന്നശേഷിക്കാരിയായ മകളെ സാഹസികമായി രക്ഷിച്ച് അമ്മ. തമിഴ്‌നാട്ടിലെ നമ്പിയൂരിലെ അയ്യങ്കാട്ടുത്തോട്ടത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. അയ്യങ്കാട്ടുത്തോട്ടം ഊഞ്ചപ്പാളയം സ്വദേശിയായ മുത്തുമണി(55)യാണ് കിണറ്റിൽ ചാടിയ ഭിന്നശേഷിക്കാരിയായ മകളെ സാഹസികമായി രക്ഷപ്പെടുത്തിയത്. മുത്തുമണി-സുന്ദരം ദമ്പതിമാരുടെ മകളായ ദിവ്യ(27)യാണ് കിണറ്റിൽ ചാടിയത്.

To advertise here,

സംഭവം കണ്ടതോടെ ദിവ്യയുടെ അമ്മ മുത്തുമണി മറ്റൊന്നും ചിന്തിക്കാതെ ആഴമേറിയ കിണറ്റിലേക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാനായി വെള്ളംനിറഞ്ഞ ആഴമേറിയ കിണറ്റിൽചാടിയ മുത്തുമണി ഒരുവിധത്തിൽ മകളെ ചേർത്തുപിടിച്ച് ഒരു കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. തുടർന്ന്  കിണറ്റിനുള്ളിൽനിന്ന് ഉറക്കെ ബഹളംവെച്ചു.

സ്ത്രീയുടെ നിലവിളി കേട്ട് അയൽക്കാർ ഉടൻ ഓടിയെത്തി. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയും ഇവരെത്തി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. അവശരായ രണ്ടുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ രക്ഷിച്ച മുത്തുമണിയെ നാട്ടുകാർ അഭിനന്ദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.