കണ്ണൂർ: പി.എം.ശ്രീയിൽ പാർട്ടി നേതൃത്വത്തിന് അടിതെറ്റിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. കൃത്യമായ കൂടിയാലോചനയും നയപരമായ തീരുമാനവുമില്ലാതെയാണ് എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതെന്നനിലയിൽ മുന്നേറിയ ചൂടേറിയ ചർച്ചയ്ക്ക് തടയിട്ടത് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ‘ദുർബലനിമിഷത്തിൽ സംഭവിച്ച അബദ്ധമാണെന്ന്’ പറഞ്ഞത് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണന് പറ്റിയ പിശകാണെന്നായിരുന്നു പിണറായിയുടെ തീർപ്പ്.
ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എം. സ്വരാജാണ് വിഷയം ഉന്നയിച്ചത്. ടി.പി. രാമകൃഷ്ണന്റെ ‘അബദ്ധ’പരാമർശത്തിലാണ് സ്വരാജ് തുടങ്ങിയത്. സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണൻ പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞതിനെയും മറ്റൊരു സെക്രട്ടേറിയറ്റംഗം വി. ശിവൻകുട്ടി അത് പരസ്യമായി തള്ളിയതിനെയും സ്വരാജ് വിമർശിച്ചു. കേന്ദ്രപദ്ധതിയിൽ ഒപ്പിടുന്നതിനുമുൻപ് പാർട്ടി ഘടകത്തിൽ നടക്കേണ്ടിയിരുന്ന ചർച്ചയുണ്ടായില്ലെന്നും വിഷയത്തിൽ സി.പി.ഐ. എടുത്ത നിലപാടായിരുന്നു ശരിയെന്ന നിലയിലേക്കും ചർച്ച നീണ്ടു. അതോടെ പിണറായി വിജയൻ ഇടപെട്ട് ചർച്ച അവസാനിപ്പിക്കുകയായിരുന്നു. സ്വർണക്കടത്ത് സംഘവുമായും വൈദേകം റിസോർട്ടുമായും ബന്ധപ്പെട്ട് ഇ.പി. ജയരാജനും പി. ജയരാജനും തമ്മിൽനടന്ന വാക്കേറ്റത്തിനുശേഷമാണ് സ്വരാജ് പി.എം.ശ്രീ വിഷയം ഉന്നയിച്ചത്.
ബി.ആർ.സി.കളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കേന്ദ്രസഹായം വേണ്ടിയിരുന്നെന്നും അത്തരമൊരു ദുർബലനിമിഷത്തിലാണ് പി.എം.ശ്രീയിൽ ഒപ്പിട്ടതെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്റെ നേരത്തേയുള്ള പരാമർശം.
Content Highlights: CPM faces internal criticism over PM Shree decision, with Pinarayi Vijayan intervening in heated discussions at the state secretariat meeting in Kannur.
Published: 25 Nov 2026, 06:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented