കണ്ണൂർ: ഇൗസ്റ്ററും വിഷുവും ഉൾപ്പെടെയുള്ള വിശേഷദിനങ്ങൾ കഴിഞ്ഞിട്ടും വിലയിൽ മാറ്റമില്ലാതെ മീൻവിപണി. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടലിൽ ചൂട് ക്രമാതീതമായി കൂടിയത് മീൻലഭ്യതയെ സാരമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നിലവിൽ മീൻവരവ് നന്നേ കുറവാണ്. കാലവർഷമെത്തുന്നതോടെ മാത്രമേ സ്ഥിതിയിൽ മാറ്റമുണ്ടാകൂ എന്നാണ് കരുതുന്നത്.

To advertise here,

പ്രാദേശിക തൊഴിലാളികൾക്ക് തദ്ദേശീയമായി കിട്ടുന്ന അയലയും മത്തിയും കൊഞ്ചും പോലും ഇപ്പോൾ നാമമാത്രമായേ ലഭിക്കുന്നുള്ളൂ. വറുതിയുടെയും സാമ്പത്തിക ബാധ്യതയുടെയും കാര്യങ്ങളാണ് ബോട്ടുടമകൾക്കും വള്ളക്കാർക്കും പറയാനുള്ളത്.

വിഷുദിനത്തിൽ അയക്കൂറയ്ക്ക് 1000-1100 രൂപ തോതിലായിരുന്നു വില. ഇത് അതേപടി തുടരുകയാണ്. ആവോലിക്ക് 700-850 രൂപയാണ് വില. സ്ഥിരമായി ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരെ സംബന്ധിച്ചിടത്തോളം വൻ സാമ്പത്തികച്ചെലവാണ് നിലവിൽ. ഗ്യാസ് ക്ഷാമം, വിറക് വിലവർധന എന്നീ കാരണങ്ങളാൽ വലിയൊരു ശതമാനം ഹോട്ടലുടമകൾ ഉൗൺവിലയിൽ വർധന വരുത്തിയിട്ടുണ്ട്.

ഉൗണിനൊപ്പം സ്പെഷ്യൽ മീൻവിഭവങ്ങൾകൂടി വാങ്ങുകയാണെങ്കിൽ കീശ കാലിയാകുന്ന സ്ഥിതിയാണ്. ഉൗണിന്റെ ഇരട്ടിയിലേറെ വിലയാണ് മീൻ സ്പെഷ്യൽ വിഭവങ്ങൾക്ക്.

ജില്ലയിലെ പ്രധാന മീൻ മാർക്കറ്റുകളിലെ ശരാശരി മീൻവില കിലോയ്ക്ക്

(പ്രാദേശികമായുള്ള ചില്ലറവില ഇതിലും കൂടും )

അയല-250-320 രൂപ

മത്തി-100-240 രൂപ

ചെമ്മീൻ-250-400 രൂപ

കിളിമീൻ (പുയ്യാപ്ല)-160-240 രൂപ

തിരണ്ടി-300-400 രൂപ

സ്രാവ്-300-400 രൂപ

കൂന്തൽ-250-400 രൂപ

മുടക്കുമുതൽപോലും കിട്ടുന്നില്ല

എണ്ണപ്പൈസപോലും കിട്ടാത്തതിനാൽ പല വള്ളക്കാരും കടലിൽ പോകുന്നില്ല. കൊടുംചൂട് സഹിച്ച്, ഒഴിഞ്ഞ വള്ളവുമായി തിരികെ വരേണ്ട സ്ഥിതിയാണ് പലപ്പോഴും. മഴയെത്തിയാൽ മാത്രമേ മീൻലഭ്യത കൂടാനും വില കുറയാനും സാധ്യതയുള്ളൂ.

സാഹിർ പാലക്കൽ
മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാന ജനറൽ സെക്രട്ടറി

തൊഴിലാളികൾ വറുതിയിൽ

അഞ്ചുമാസത്തോളമായി മീൻലഭ്യത കുറഞ്ഞിട്ട്. ചുരുക്കം വള്ളക്കാർക്ക് മാത്രമാണ് ചെറിയ തോതിൽ മീൻ കിട്ടുന്നത്. കിട്ടുന്ന മീൻ വിറ്റുകിട്ടുന്ന തുക മണ്ണെണ്ണയ്ക്കും തൊഴിലാളികളുടെ വേതനത്തിനും തികയില്ല. മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണവില ഏപ്രിൽ ഒന്നുമുതൽ ലിറ്ററിന് 50 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്; നിലവിലെ വില 153 രൂപ. 25 രൂപ സബ്സിഡി കൂട്ടി 50 രൂപ വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്

എ.ടി.നിഷാത്ത്
ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

മീനില്ല, സബ്സിഡിയും

മീൻലഭ്യത വളരെ കുറവാണ്. ബോട്ട് കടലിൽ ഇറക്കുന്നുവെന്നല്ലാതെ സാമ്പത്തികമായി വലിയ ലാഭമൊന്നും ഇപ്പോഴില്ല. അഞ്ചുദിവസം കടലിൽ മീൻപിടിക്കാൻ 3,500 ലിറ്റർ ഡീസൽ വേണം. വിലക്കൂടുതലിന് പുറമെ, ഡീസലിന് സബ്സിഡിയും സർക്കാർ അനുവദിക്കുന്നില്ല. അശാസ്ത്രീയ മീൻപിടിത്തവും ലഭ്യതക്കുറവിന് കാരണമാകുന്നുണ്ട്.

പി.പി.ഖാദർ, സഫർ ബോട്ടുടമ, തലശ്ശേരി