കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ കൂടെ ഹോം വോട്ടുകൾ, തപാൽവോട്ടുകൾ എന്നിവ കൂട്ടിയപ്പോൾ ജില്ലയിലെ അന്തിമ പോളിങ് ശതമാനം 80.2. ജില്ലയിൽ ആകെയുള്ള 2,176,984 വോട്ടർമാരിൽ 1,71,0913 പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ (78.59 ശതമാനം), തപാൽവോട്ടുകളും ഹോംവോട്ടുകളും മുഖേന 34,644 പേർ വോട്ട് ചെയ്തു. ഇതിൽ 18,756 ഹോംവോട്ടുകളും 15,888 തപാൽവോട്ടുകളുമാണ്.
മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിങ് (84.2 ശതമാനം). കുറവ് ഇരിക്കൂറിലും (76.02 ശതമാനം). മട്ടന്നൂരിന് പുറമെ പയ്യന്നൂർ, തളിപ്പറമ്പ്, ധർമടം, പേരാവൂർ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങൾ 80 ശതമാനം പിന്നിട്ടു.
പയ്യന്നൂരിൽ നാല് ബൂത്തുകളിൽ 95 ശതമാനം പോളിങ്
പയ്യന്നൂർ നിയോജകമണ്ഡലത്തിൽ 95 ശതമാനത്തിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയ നാല് ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. 95 ശതമാനത്തിൽ കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയ ബൂത്ത് ആറ് (കൂക്കാനം), ബൂത്ത് 16 (പെരളം), ബൂത്ത് 19 (ഏറ്റുകുടുക്ക നോർത്ത്), ബൂത്ത് 142 (എരമം സെൻട്രൽ) എന്നീ ബൂത്തുകളിലാണ് റീപോളിങ് ആവശ്യപ്പെട്ടത്. ചീഫ് ഇലക്ഷൻ ഏജന്റ് രജിത് നാറാത്ത് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. നാല് ബൂത്തുകളിൽ 30 മുതൽ 40 ശതമാനംവരെ തിരിച്ചറിയൽ രേഖ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇ.പി.ഐ.സി.) നമ്പർ ഉള്ളതായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. പ്രസ്തുത ബൂത്തുകളിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി കളക്ടർക്ക് അപേക്ഷ നൽകി.
ഇനിയൊരു അക്രമം പാടില്ല; പയ്യന്നൂരിൽ സർവകക്ഷിയോഗത്തിൽ തീരുമാനം
പയ്യന്നൂർ: പയ്യന്നൂരിൽ ഇനിയൊരു അക്രമം പാടില്ലെന്ന തീരുമാനവുമായി സർവകക്ഷിയോഗം നടന്നു. എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന കെ.ബാലഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ. തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ അപലപിച്ചു. വരുംദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനകളോ അക്രമസംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ ഉറപ്പുനൽകി. ൽ പയ്യന്നൂർ ഡിവൈ.എസ്.പി. ആർ.ഷൈജു, പയ്യന്നൂർ തഹസിൽദാർ ജി.സുരേഷ്ബാബു, സ്ഥാനാർഥി വി.കുഞ്ഞിക്കൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി.സത്യപാലൻ, വി.ബാലൻ, പി.ജയൻ, പനക്കീൽ ബാലകൃഷ്ണൻ, ധനേഷ് കണിയാംകുന്ന്, എ.പി.നാരായണൻ, കെ.ജയരാജ്, ഷുക്കൂർ ഹാജി, ഉമ്മർ പെരിങ്ങോം, കെ.കെ.അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
ഇതുവരെ നടന്ന മുഴുവൻ അക്രമസംഭവങ്ങളിലും കേസ് രജിസ്റ്റർചെയ്ത് നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. രാഷ്ട്രീയപാർട്ടി നേതാക്കളെയോ, സ്ഥാനാർഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ പരാമർശങ്ങളോ നടത്താൻ പാടില്ലെന്ന് യോഗം തീരുമാനിച്ചു. കൂടുതൽ പോലീസിനെ ഉൾപ്പെടുത്തി പട്രോളിങ് കർശനമാക്കും. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ പോലീസ് പിക്കറ്റ്‌പോസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു.
Content Highlights: Final voter turnout for Kannur district in 2026 stands at 80.2%., Total votes include booth polling, postal ballots, and home voting., Mattannur recorded the highest turnout at 84.2%., Irikkur recorded the lowest turnout at 76.02%., Five constituencies surpassed the 80% mark.
Published: 12 Apr 2026, 08:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented