തൃശ്ശൂർ: 2024-ലെ പൂരം കലക്കലിലെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് തിരുവമ്പാടി ദേവസ്വം. പുനരന്വേഷണം വേണമെന്ന് നേരത്തേത്തന്നെ ദേവസ്വം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നതായും സെക്രട്ടറി കെ. ഗിരീഷ്‌കുമാർ പറഞ്ഞു.

To advertise here,

തിരുവമ്പാടി ദേവസ്വത്തിന്റെ വാദങ്ങൾക്കാണ് ഇതോടെ അംഗീകാരമാകുന്നത്. കൂടുതൽ തെളിവുകൾ വേണമെന്ന നിർദേശം മുന്നോട്ടുവെച്ചതോടെ പുനരന്വേഷണവും വേണ്ടിവരും. പൂരം കലക്കലിന്റെ എല്ലാ ഉത്തരവാദിത്വവും പൂരം സംഘാടകരായ തിരുവമ്പാടി ദേവസ്വത്തിന്റെ മാത്രം തലയിൽ ഒതുങ്ങുമെന്ന സ്ഥിതിയാണ് ഇതോടെ ഒഴിവാകുന്നത്.

അതേസമയം പൂരംകലക്കലിന്റെ ഉത്തരവാദി ആരെന്ന ചോദ്യം ഉത്തരം കിട്ടാതെ കൂറേക്കാലത്തേക്കുകൂടി അവശേഷിക്കും. ത്രിതല അന്വേഷണങ്ങളുടെ ഫലമായി തയ്യാറാക്കിയ റിപ്പോർട്ടുകൾ ഒന്നുപോലും പുറത്തുവരുകയോ ചർച്ചചെയ്യപ്പെടാതിരിക്കുകയോ ഉണ്ടാകും. പൂരംനടത്തിപ്പിലെ അപാകങ്ങൾ കണ്ടെത്തുകയും ഇതിന് പരിഹാരം നിർദേശിക്കുകയും ചെയ്ത റിപ്പോർട്ടുകളാണ് അവഗണിക്കപ്പെടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സംഘാടകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകളുടെ മൊഴിയാണ് ശേഖരിച്ചത്. പലരും ഒന്നിലധികം തവണ മൊഴി നൽകേണ്ടിയും വന്നു. ഇത്തരത്തിൽ ഇതിന്റെ പേരിൽ വിനിയോഗിച്ച മനുഷ്യാധ്വാനത്തിനും ഫലമില്ലാതാകും. ലോക്‌സഭാസ്ഥാനാർഥിയായിരുന്ന സുരേഷ്‌ഗോപിയെ സഹായിക്കാനുള്ള നാടകമായിരുന്നു പൂരംകലക്കൽ എന്നായിരുന്നു അന്നുയർന്ന ആരോപണം.

സർക്കാർ അനുകൂല റിപ്പോർട്ട് ഉണ്ടാക്കാൻ നീക്കം- എം.വി. ഗോവിന്ദൻ

തൃശ്ശൂർ പൂരംകലക്കലുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളി, സർക്കാരിന് താത്പര്യമുള്ള റിപ്പോർട്ട് ഉണ്ടാക്കാനുള്ള നീക്കമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഒരുപാടുകാര്യങ്ങളിൽ അസംബന്ധമാണ് ഈ സർക്കാർ കാണിച്ചുകൊണ്ടിരിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിനെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമമാണ്. ഏത് അന്വേഷണത്തിനും ഞങ്ങൾ എതിരല്ല. ബി.ജെ.പി. ഭരണം നടത്തുന്ന യു.ഡി.എഫ്. സർക്കാരാണ് നിലവിലുള്ളത്. ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിക്ക് കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ പേരിൽ വിദ്യാഭ്യാസമേഖലയിൽ ഇടപെടാൻ അവസരം നൽകി.

വലിയ വിമർശനം വന്നപ്പോഴാണ് പിൻവലിക്കാൻ തയ്യാറായത്. വൈദ്യുതിമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പുറത്തുവന്ന സാഹചര്യത്തിൽ വൈദ്യുതി വാങ്ങിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സിനെ മുഖ്യമന്ത്രി ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലായെന്നും വളർമതിയുടെ ആരോഗ്യനില ഗുരുതരമായിട്ടും പ്രതികരിക്കുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.