
ഉപ്പുതറ (ഇടുക്കി): മധുവിധു ആഘോഷിക്കാനാണ് അഭിഷേക് ഭാര്യ കാവ്യക്കൊപ്പം ഹൈറേഞ്ചിലെത്തിയത്. സന്തോഷം നിറഞ്ഞ ആ യാത്രയിലേക്ക് ദുരന്തം പാഞ്ഞുകയറുമെന്ന് ആരും കരുതിയില്ല. അപകടം അഭിഷേകിന്റെ ജീവൻ കവർന്നു.
പത്തനംതിട്ട അടൂർ വടക്കടത്തുകാവ് അഭിഷേകം വീട്ടിൽ അഭിഷേക് എസ്. നായർ (28) ആണ് ചിന്നാർ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ കാവ്യ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഓഗസ്റ്റ് ഒൻപതിനായിരുന്നു അഭിഷേകിന്റെയും കാവ്യയുടെയും വിവാഹം.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അഭിഷേകിനും കാവ്യക്കുമൊപ്പം സുഹൃത്തുക്കളായ സൗരവ്, അഭിറാം, അഫ്സൽ എന്നിവരും കാറിലുണ്ടായിരുന്നു. ഇവർ കുട്ടിക്കാനത്താണ് മുറിയെടുത്തത്. ഈ സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വിഷ്ണുവും ഭാര്യയും കുമളിയിലെ റിസോർട്ടാണ് എടുത്തത്. ഇവരുടെ അടുത്തേക്ക് അഭിഷേകും മറ്റുള്ളവരും പോകുമ്പോഴായിരുന്നു അപകടം.
സൗരവായിരുന്നു കാറോടിച്ചത്. മൂന്നാംമൈൽ ഇറക്കമിറങ്ങി നാലാംമൈൽ പാലത്തിലേക്ക് കയറുന്നതിനിടെ വളവ് തിരിയാതെ കാറിന്റെ നിയന്ത്രണം നഷ്ടമായി. പാലത്തിന് ഇടതുവശത്ത് ക്രാഷ് ബാരിയർ തകർന്നിരിക്കുകയായിരുന്നു. ഈ ഭാഗത്തുകൂടി പുഴയിലേക്ക് കാർ കീഴ്മേൽ മറിഞ്ഞു. വീഴ്ചയിൽ ചില്ലുകൾ തകർന്ന ഭാഗത്തുകൂടി സൗരവും അഭിറാമും പുറത്തിറങ്ങി. അപ്പോഴേക്കും ടൗണിലുണ്ടായിരുന്ന നാട്ടുകാരും ഓടിയെത്തി കാവ്യയെ ആദ്യം പുറത്തെടുത്തു. മുൻസീറ്റിലിരുന്ന അഭിഷേകിനെ ചില്ലു തകർത്ത് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്ത് റോഡിലെത്തിച്ചത്. സി.പി.ആർ. നൽകിയശേഷം ഉടൻ അടുത്തുള്ള ആംബുലൻസ് വരുത്തി പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ള നാലുപേർക്കും നിസ്സാരപരിക്കേയുള്ളു.
സുകുമാർ-ലക്ഷ്മി ദമ്പതിമാരുടെ മകനാണ് അഭിഷേക്. നാട്ടിൽ ഹാർഡ്‌വെയർ ബിസിനസ് നടത്തുകയായിരുന്നു. സഹോദരൻ അഭിജിത്ത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു.
ആ ചോരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മറുപടി പറയണം; നഷ്ടപരിഹാരം വാങ്ങിയെടുത്തിട്ടും ക്രാഷ് ബാരിയർ നന്നാക്കിയില്ല
ചിന്നാർ നാലാംമൈലിലെ കാറപകടത്തിൽ ഒരു യുവാവിന്റെ ജീവൻ പൊലിയാൻ കാരണം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ. തകർന്നുകിടന്ന ക്രാഷ് ബാരിയറിനിടയിലൂടെയാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. അഞ്ചുമാസം മുൻപ് ലോറിയപകടത്തിലാണ് ക്രാഷ് ബാരിയർ തകർന്നത്. വേലി തകർത്തതിന് പൊതുമരാമത്ത് വകുപ്പ് 10,000 രൂപയും പൈപ്പ് തകർത്തതിന് വാട്ടർ അതോറിറ്റി 6500 രൂപയും ലോറിയുടമയിൽനിന്ന് ഈടാക്കിയിരുന്നു.
വാട്ടർ അതോറിറ്റി പൈപ്പ് പുനഃസ്ഥാപിച്ചു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് ഒരു പണിയും ചെയ്തില്ല. ചുവന്ന റിബൺ കെട്ടി അപകടസൂചന നൽകാൻപോലും അധികൃതർ തയ്യാറായില്ല. പി.ഡബ്ല്യു.ഡി. സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
വീതിക്കുറവും കൈയേറ്റവും പ്രശ്നം
1985-ലാണ് ഇവിടെ പാലം പണിതത്. അന്നത്തെ റോഡിന്റെ വീതിയനുസരിച്ചായിരുന്നു നിർമാണം. പിന്നീട് റോഡ് മലയോരഹൈവേയായി. ഒൻപത് മീറ്റർ ടാറിങ്, ഐറിഷ് ഓട, നടപ്പാത എന്നിവയെല്ലാം ഉണ്ടായെങ്കിലും, പാലം വീതി കൂട്ടി നിർമിച്ചില്ല. ഇതുകാരണം വാഹനം വേഗത്തിൽ ഓടിച്ചുവരുന്ന ഡ്രൈവർമാർക്ക് പാലത്തിൽ കയറുന്നതിനുമുൻപ് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഇതും അപകടത്തിന് കാരണമാകുന്നു. റോഡുകൈയേറി മാടക്കട സ്ഥാപിച്ചത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതിയുയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് കടയുടമയ്ക്ക് നോട്ടീസ് നൽകുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ വാഹനങ്ങളുടെ സുരക്ഷ അധികൃതർ മറന്നു. അപകടം ഉണ്ടാകാനിടയുള്ള പല സ്ഥലങ്ങളിലും സംരക്ഷണവേലിയില്ല. ഇപ്പോൾ അപകടം നടന്നതിന് ഒരു കിലോമീറ്ററിനുള്ളിൽ കാർ ചിന്നാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. അപകടം നടന്ന ഇവിടെയും സംരക്ഷണവേലി ഉണ്ടായിരുന്നില്ല.
Published: 27 Sept 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented