
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ റോഡരികിലേക്ക് മറിഞ്ഞ് ചോര്‍ച്ച അനുഭവപ്പെട്ട ടാങ്കറില്‍നിന്ന് മൂന്നു ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റി. വെള്ളിയാഴ്ച രാത്രി എട്ടോടെ തുടങ്ങിയ പ്രവൃത്തി മൂന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയായി. സൗത്തിലെ കുറ്റിക്കാട്ടില്‍നിന്നുയര്‍ത്തിയശേഷം ദേശീയപാതയില്‍വച്ചു തന്നെയാണ് വാതകം മാറ്റിയത്. തൊട്ടടുത്ത ഐങ്ങോത്ത് ഗ്രൗണ്ടിലെത്തിച്ച് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. സാങ്കേതിക ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ദേശീയപാതയില്‍നിന്നുതന്നെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി. രാത്രി 12-ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
തലേന്ന് രാത്രിയും പിറ്റേന്ന് പുലര്‍ച്ചെയുമായി സ്‌കൂളുകളിലേക്കും മറ്റും മാറിയ പ്രദേശത്തുകാര്‍ രാത്രിയില്‍തന്നെ അവരവരുടെ വീടുകളിലേക്ക് തിരികെയെത്തി. മംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി വ്യാഴാഴ്ച ഉച്ചയോടെയാണ് തലകീഴായി മറിഞ്ഞത്. ദിശ തെറ്റിച്ചെത്തിയ സ്വകാര്യ ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ടാങ്കര്‍ലോറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പ് കുപ്പത്തെ ഖലാസികളെത്തി ടാങ്കര്‍ ഉയര്‍ത്തുന്നതിനിടെയാണ് ടാങ്കറിന്റെ വാള്‍വില്‍നിന്ന് ചോര്‍ച്ചയുണ്ടായത്. കാഞ്ഞങ്ങാട് സൗത്ത് പ്രദേശത്തെ ആളുകളോട് ബന്ധുവീട്ടിലേക്കും മറ്റും മാറണമെന്ന് കഴിഞ്ഞരാത്രിയില്‍ തന്നെ പോലീസ് നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച ചോര്‍ച്ച കണ്ടതോടെയാണ് അരകിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വീട്ടുകാരെയും ഒഴിപ്പിച്ചത്. ടാങ്കര്‍ അപകടത്തില്‍പ്പെടാന്‍ കാരണക്കാരനായ ബസ് ഡ്രൈവര്‍ അടുക്കം സ്വദേശി മിഥുനെ അറസ്റ്റു ചെയ്തിരുന്നു.
നന്ദിയറിയിച്ച് കളക്ടര്‍
ടാങ്കര്‍ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കളക്ടര്‍ കെ.ഇമ്പശേഖര്‍ നന്ദിയറിയിച്ചു. വിവിധ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും എച്ച്പിസിഎല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫലപ്രദമായി ഇടപെട്ടു. കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവര്‍ത്തിച്ച എല്ലാവരെയും കളക്ടര്‍ അഭിനന്ദിച്ചു.
അശ്രദ്ധയുണ്ടായെന്ന് വളപട്ടണം ഖലാസികള്‍
മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തുന്നത് അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ശ്രദ്ധ പാളിപ്പോയതാണ് വാളില്‍ ചോര്‍ച്ചയുണ്ടാകാന്‍ ഇടയായതെന്നും വളപട്ടണം മാപ്പിള ഖലാസി പ്രവര്‍ത്തകര്‍ പറയുന്നു. 'നൂറിലധികം ടാങ്കറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 46 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യമായ പരിശീലനം ലഭിച്ചവര്‍ക്കുമാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൈപിഴയ്ക്കാതെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയൂ' -വളപട്ടണം ഖലാസി പ്രവര്‍ത്തകന്‍ കെ.എ.ഹാഷിം പറഞ്ഞു.
അതേസമയം വളപട്ടണം ഖലാസികള്‍ക്ക് പ്രതിഫലം കൂടുതലായതിനാലാണ് കുപ്പം ഖലാസികളെ വിളിക്കേണ്ടി വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുമ്പുവടം ടാങ്കറിനെ ചുറ്റിക്കെട്ടി വലിച്ചുയര്‍ത്തുകയാണ് ചെയ്യുക. ഇരുമ്പുവടം കെട്ടുമ്പോള്‍ തെന്നി വാള്‍വിന് കൊണ്ടതാണ് ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാനിടയാക്കിയത്.
Content Highlights: kanhangad lpg tanker accident
Published: 27 Jul 2025, 07:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented