ജയ്പുര്‍ (രാജസ്ഥാന്‍): വെള്ളിയാഴ്ച്ച ജയ്പുര്‍-അജ്‌മേര്‍ ദേശീയപാതയിലുണ്ടായ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍ വെന്തുമരിച്ചത് പതിനാല് പേരാണ്. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഗ്യാസ് ടാങ്കര്‍ലോറി മറ്റുവാഹനങ്ങളില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായി. സമീപത്തെ കെട്ടിടങ്ങളിലേക്കും വേഗത്തില്‍ തീപടര്‍ന്നു.

To advertise here,

എന്നാല്‍ ആ കാഴ്ച്ച സിസിടിവിയിലുള്ളതിനേക്കാള്‍ നെഞ്ചുലയ്ക്കുന്നതായിരുന്നുവെന്ന് ദേശീയപാതയ്ക്ക് തൊട്ടടുത്തുള്ള ഫാംഹൗസില്‍ താമസിക്കുന്ന കുടുംബം പറയുന്നു. ആളുകളുടെ നിലവിളി കേട്ട് വാതില്‍ തുറന്നപ്പോള്‍ ഒരു ദുഃസ്വപ്നം കാണുന്നത് പോലെയാണ് തോന്നിയതെന്ന് ഫാം ഹൗസില്‍ താമസിക്കുന്ന ഭന്‍വര്‍ലാല്‍ പറയുന്നു.

'ഓരോരുത്തരും നിലവിളിച്ച് ഓടിവന്ന് വസ്ത്രത്തിനും വെള്ളത്തിനും വേണ്ടി യാചിച്ചു. അവരുടെ വേദന കുറയ്ക്കുന്ന എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടു. വെള്ളം ശരീരത്തിലൂടെ കോരി ഒഴിക്കാന്‍ പറഞ്ഞു. പലരുടേയും തൊലി കത്തിക്കരിഞ്ഞിരുന്നു. പലര്‍ക്കും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.' -ഭന്‍വര്‍ലാല്‍ നടുക്കുന്ന ദൃശ്യങ്ങള്‍ വിവരിക്കുന്നു.

അപകടം നടന്ന സ്ഥലത്തുനിന്ന് 1.5 കിലോമീറ്റര്‍ തൊട്ടടുത്ത് തന്നെ സ്വകാര്യ ആശുപത്രിയുണ്ട്. പലരും അവിടേക്ക് ഓടിപ്പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഫാം ഹൗസിനും ആശുപത്രി കെട്ടിടത്തിനും ഇടയില്‍ എട്ട് അടി ഉയരമുള്ള ഒരു മതിലുണ്ട്. അത് പലര്‍ക്കും ആ അവസ്ഥയില്‍ ചാടിക്കടക്കാന്‍ കഴിയുമായിരുന്നില്ല. ഇതോടെ ഒരു കോണിയുമായി ഇവരുടെ രക്ഷയ്‌ക്കെത്തിയത് ഫാം ഹൗസില്‍ താമസിക്കുന്ന 20-കാരനായ രാകേഷ് സയ്‌നിയാണ്.

'മുപ്പതോളം ആളുകളെങ്കിലും തീപൊള്ളലേറ്റ് ഞങ്ങളുടെ ഫാം ഹൗസിലേക്ക് ഓടിക്കയറിയിട്ടുണ്ട്. അവരെ എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്നേ ആലോചിച്ചുള്ളു. വേഗം കോണിയെടുത്ത് മതിലില്‍ ചാരിവെച്ചു. പലരും കോണി കയറി ആശുപത്രിയിലെത്തി. അതിന് കഴിയാത്തവരെ ഞാന്‍ കോണി കയറാന്‍ സഹായിച്ചു.'രാകേഷ് പറയുന്നു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ രാമന്‍ കണ്‍ടോയിയും ആ സംഭവം നടുക്കത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. ഒരു സര്‍ജനായിട്ടുപോലും തനിക്ക് അതൊന്നും താങ്ങാനായില്ലെന്നും അദ്ദേഹം പറയുന്നു. 'എന്തെങ്കിലും മരുന്ന് തരണമെന്ന് യാചിച്ച് മുപ്പതോളം ആളുകളാണ് ആശുപത്രിയിലെത്തിയത്. അവരില്‍ മിക്കവര്‍ക്കും നന്നായി പൊള്ളലേറ്റിരുന്നു. ഒാരോരുത്തരായാണ്‌ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. എന്താണ് സംഭവം എന്ന് ആദ്യം മനസിലായില്ല. ഹൈവേയില്‍ അപകടം നടന്നു എന്നറിഞ്ഞപ്പോള്‍ വേഗം ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സുകള്‍ അയച്ചു. കൂടുതല്‍ സൗകര്യമുള്ള എസ്.എം.എസ്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോയി. എല്ലാവരേയും അവിടെ എത്തിക്കാന്‍ മൂന്നും നാലും റൗണ്ടുകള്‍ യാത്ര ചെയ്യേണ്ടിവന്നു.'-ഡോക്ടര്‍ പറയുന്നു. 

അപകടത്തില്‍ മുപ്പതിലധികം വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ബസും ട്രക്കും കാറും ഇരുചക്ര വാഹനങ്ങളും അടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും വന്‍ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. 

ദേശീയ പാതയ്ക്കരികിലെ പെട്രോള്‍ പമ്പനിന് സമീപമാണ് വലിയ തീപ്പിടിത്തമുണ്ടായത്. എന്നാല്‍ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍പോലും കഴിയാതിരുന്നത് ആദ്യഘട്ടത്തില്‍ തീ കെടുത്തുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമായി.