കല്ലമ്പലം: വടശ്ശേരിക്കോണം സ്വദേശിയായ 52-കാരന് സങ്കീർണ്ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയിലൂടെ ചലനശേഷി തിരികെ നൽകി കെ.ടി.സി.ടി. ഹോസ്പിറ്റൽ. യു.എ.ഇയിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക്. കഴിഞ്ഞ 20 വർഷത്തിനിടെ നാല് പ്രധാന ഓർത്തോപെഡിക് ശസ്ത്രക്രിയകൾക്ക് ഇദ്ദേഹം വിധേയനായിട്ടുണ്ട്.

To advertise here,

20 വർഷം മുൻപ് നടത്തിയ ഇടുപ്പിലെ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റിന് ശേഷം ഇടുപ്പിലെ അസ്ഥിയിൽ ഗണ്യമായ ക്ഷയം സംഭവിക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് റിവിഷൻ ശസ്ത്രക്രിയ അനിവാര്യമാണെന്ന് കണ്ടെത്തിയത്.ശസ്ത്രക്രിയയുടെ കൃത്യത ഉറപ്പാക്കുന്നതിനായി രോഗിയുടെ സി.ടി. സ്‌കാൻ അടിസ്ഥാനമാക്കി മുംബൈയിൽനിന്ന് 3D പെൽവിക് മോഡൽ നിർമ്മിച്ചാണ് ഘട്ടങ്ങൾ ആസൂത്രണം ചെയ്തത്.

കൂടാതെ അസ്ഥി പുനർനിർമ്മാണത്തിനായി ബംഗളൂരുവിലെ രാമയ്യ ടിഷ്യൂ ബാങ്കിൽനിന്ന് സ്ട്രക്ചറൽ ബോൺ അലോഗ്രാഫ്റ്റ് കോൾഡ് ചെയിൻ സംവിധാനത്തിലൂടെ എത്തിച്ചു. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പഴയ ഇംപ്ലാന്റ് നീക്കം ചെയ്യുകയും അലോഗ്രാഫ്റ്റ് ഉപയോഗിച്ച് അസ്ഥി പുനർനിർമ്മിച്ച് പുതിയ റിവിഷൻ ഇംപ്ലാന്റ് വിജയകരമായി ഉറപ്പിക്കുകയും ചെയ്തു.

ചീഫ് ഓർത്തോപെഡിക് സർജൻ ഡോ. സാബു മുഹമ്മദ് നൈനയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസംതന്നെ രോഗി വാക്കറിന്റെ സഹായത്തോടെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എട്ട് ആഴ്ചയ്ക്കുള്ളിൽ ഇദ്ദേഹത്തിന് യു.എ.ഇയിലെ ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ അറിയിച്ചു