കോഴിക്കോട്: കഴിഞ്ഞ ദിവസം കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അമൃതയെ സമീപിച്ച് അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാക്കാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അമൃതയെ സമീപിച്ചത്. 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറായാല്‍ സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് സമീപിച്ചിരുന്നുവെന്നായിരുന്നു അമൃതയുടെ വെളിപ്പെടുത്തല്‍. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അമൃത സംഘത്തോട് പറഞ്ഞു. അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി. 

To advertise here,

നിര്‍മ്മാതാവ് എന്ന് പേരില്‍ വിളിച്ച ഷൈജു എന്നയാളാണ് 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചത് എന്നാണ് അമൃത കഴിഞ്ഞ ദിവസം പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് താന്‍ ചിത്രത്തില്‍നിന്ന് പിന്മാറി. പിന്നീട് രാത്രി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തു. 10 മണിക്ക് ശേഷം ഫോണില്‍ സംസാരിച്ചാല്‍ അമ്മ വഴക്കുപറയും എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു ചാറ്റ് അവസാനിപ്പിച്ചുവെന്നും അമൃത പറഞ്ഞു. 

'രണ്ട് ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടും ബന്ധപ്പെട്ടു. അപര്‍ണ ബാലമുരളിയുടെ സുഹൃത്തായുള്ള ക്യാരക്ടര്‍ റോള്‍ നല്‍കാം എന്നും 2,40,000 രൂപയാണ് വേതനമെന്നും  50,000 രൂപ എഗ്രിമെന്റിനൊപ്പം നല്‍കാമെന്നും പറഞ്ഞു.  'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറാണോ എന്നും ചോദിച്ചു. എന്ത് 'അഡ്ജസ്റ്റ്‌മെന്റ്' എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ഫിലിം ഫീല്‍ഡ് അല്ലേ 'അഡ്ജസ്റ്റ്‌മെന്റ്' അറിയില്ലേ എന്നായിരുന്നു മറുപടി. ചിലര്‍ ഫിസിക്കലി ആവശ്യപ്പെട്ടാല്‍ കിടക്ക പങ്കിടാന്‍ തയ്യാറാണോ എന്നും അയാള്‍ ചോദിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞതോടെ വേറെ ആളുകള്‍ക്ക് താത്പര്യം ഉണ്ട് അവരെ വെച്ച് നോക്കിക്കോളാം എന്നും പറഞ്ഞു.'

എന്തിനാണ് 'അഡ്ജസ്റ്റ്' ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 'ജൂനിയര്‍ ആര്‍ട്ടിസ്റ്റല്ലേ, നിങ്ങള്‍ക്ക് പണവും റോളും തന്ന് ഉയര്‍ത്തിക്കൊണ്ടുവരികയല്ലേ, അപ്പോള്‍ 'അഡ്ജസ്റ്റ്' ചെയ്യേണ്ടേ' എന്നായിരുന്നു അയാളുടെ മറുപടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് വേതനം കൃത്യമായി കിട്ടാറില്ല.  2000 രൂപയാണ് പ്രതിഫലം എന്ന് പറയുന്നതെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ കയ്യില്‍ നിന്നും കിട്ടുക 500 രൂപയൊക്കെയാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു.