കോവളം: ചൊവ്വര ചപ്പാത്തിലെയും കോവളത്തെയും സ്പാകളിലെത്തിച്ച് വിവിധ ഘട്ടങ്ങളിലായി പതിനാറുകാരിയായ ആന്ധ്ര സ്വദേശിനിയെ നിരവധി പേർ പീഡനത്തിനിരയാക്കിയ സംഭവത്തിൽ വ്യാഴാഴ്ചയും പ്രത്യേക അന്വേഷണ സംഘം റെയ്ഡും തെളിവെടുപ്പും നടത്തി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കേസിലെ അഞ്ചാം പ്രതി അനുരൂപിനെയാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തെളിവെടുപ്പിനായി ഇയാളുടെ ഉടമസ്ഥതയിലുള്ള ഡ്രീംസ് സ്പായിൽ എത്തിച്ചത്.

To advertise here,

ഇവിടെ നടത്തിയ പരിശോധനയിൽ സ്‌ട്രോങ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് സി.സി.ടി.വി ക്യാമറകളും അവയുടെ മെമ്മറി കാർഡുകളും അനുബന്ധ ഉപകരണങ്ങളും എസ്.ഐ.ടി കണ്ടെടുത്തു. സ്പാ നടത്തിപ്പിനായി വാടകയ്ക്കെടുത്ത കെട്ടിടത്തിന്റെ ഉടമയുമായി അനുരൂപിന്റെ ബിനാമിയായ നിഷാന്ത് ഒപ്പുവെച്ച കരാർ രേഖകളും പിടിച്ചെടുത്തു.

ഇതേ അലമാരയിലെ അറകളിൽ ബോക്സുകളിലായി സൂക്ഷിച്ചിരുന്ന ഗർഭനിരോധന ഉറകളും കണ്ടെത്തി. അനുരൂപിനെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിൽനിന്ന് വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റും.

അനുരൂപിന്റെ ബിനാമിയായ നിഷാന്തിന്റെ പൂവാറിലെ കുടുംബവീട്ടിലും വ്യാഴാഴ്ച എസ്.ഐ.ടിയുടെ ഒരു സംഘം റെയ്ഡ് നടത്തി. ചില രേഖകളും ഇവിടെനിന്ന് കണ്ടെടുത്തു. നിഷാന്തിന്റെ ഫോണിൽനിന്നും സ്പായിൽനിന്ന് ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു പൂവാറിലെ കുടുംബവീട്ടിലെ പരിശോധനയെന്ന് അന്വേഷണ ഉദ്യോഗസ്ഥനും അസിസ്റ്റന്റ് കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ അറിയിച്ചു.

സ്പായിലെ ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഡ്രീംസ് സ്പായിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ എസ്.ഐ.ടിയിലെ സൈബർ വിഭാഗം പരിശോധിച്ചുവരികയാണ്. ഇവയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്.

സ്പാ നടത്തിപ്പുകാരനായ അനുരൂപ്, ബിനാമികളായ നിഷാന്ത്, മായ എന്നിവരുടെ ഫോണുകളിൽനിന്ന് പണമിടപാടുകളുടെ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

സ്പായിൽനിന്നുള്ള വരുമാനം ബിനാമിയായ നിഷാന്ത് അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. എന്നാൽ നിഷാന്തിന്റെ പണമിടപാടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് മെമ്മറി കാർഡുകളുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതെന്നാണ് വിവരം. പിന്നീട് പണമിടപാടുകൾ അനുരൂപിന്റെ പെൺസുഹൃത്തായ വി.സി. മായ വഴിയായിരുന്നു നടത്തിയിരുന്നത്. നിഷാന്തിനെ സ്പായുടെ ചുമതലയിൽനിന്ന് മാറ്റാനിരിക്കെയാണ് പീഡന സംഭവം പുറത്തറിയുന്നത്.

മാതൃസഹോദരിയെയും സജിത്ത്, നിഷാന്ത് എന്നിവരെയും തെളിവെടുപ്പിനെത്തിക്കും

ബെംഗളൂരുവിലായിരുന്ന കുട്ടിയെ തമിഴ്നാട് സ്വദേശിനിയായ ഇടനിലക്കാരി കൃഷ്ണവേണി വഴി കോവളത്തെത്തിച്ച് നിരവധി പേർ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതൃസഹോദരി, സ്പാ നടത്തിപ്പുകാരായ നിഷാന്ത്, സജിത്ത് കുമാർ എന്നിവരെ വെള്ളിയാഴ്ച തെളിവെടുപ്പിനെത്തിക്കും. കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിലായിരിക്കും തെളിവെടുപ്പ്.

തമിഴ്നാട്ടിലെ വണ്ടല്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിക്കൊണ്ടുപോയ കുട്ടിയെയും മാതൃസഹോദരിയുടെ ഭർത്താവിനെയും ഗുഡുവാഞ്ചേരിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെയുള്ള വീടിനോടു ചേർന്നുള്ള സ്പായിലാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ തുടരുകയാണെന്ന് വണ്ടല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഗൗതമി പറഞ്ഞു.