കൊച്ചി: മുതിർന്ന നേതാക്കളായ അടൂർ പ്രകാശിനും കെ. സുധാകരനുമെതിരായ മന്ത്രി കെ. മുരളീധരന്റെ പരോക്ഷ വിമർശനങ്ങളെ തള്ളി ജെബി മേത്തർ എംപി. അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങളും വ്യക്തിത്വവുമുണ്ടെന്നും അത് ചോദ്യം ചെയ്യരുതെന്നും അവർ പറഞ്ഞു.
കെ. മുരളീധരൻ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണെന്നും ആ നിലപാടുകളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നും ജെബി മേത്തർ പറഞ്ഞു. ഇത്രയും വർഷമായി അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാൽ അത് സമ്മതിക്കാനാവില്ല. ഇതേ കാര്യം തന്നെയാണ് അടൂർ പ്രകാശിന്റെ കാര്യത്തിലും ബാധകമാകുന്നത്. ഇത്രയും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ള നേതാക്കൾക്ക് സ്വന്തമായ അഭിപ്രായ രൂപീകരണത്തിനുള്ള അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജെബി മേത്തർ പറഞ്ഞു. എന്നാൽ പൊതുവായി ഏതൊരാളുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ഒരാൾ മുഖ്യമന്ത്രിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ആരോ ഉണ്ടെന്നായിരുന്നു മുരളീധന്റെ പ്രസ്താവന. ആണുങ്ങളുടെ സർക്കാർ എന്ന സുധാകരന്റെ വിമർശനത്തിന്- ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ ജെബി മേത്തർ പരാതി നൽകി. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വളരെ ആസൂത്രിതമായി തനിക്കെതിരെ ലൈംഗികച്ചുവയുള്ള മോശം പദപ്രയോഗങ്ങളും ഭീഷണികളും അടങ്ങിയ സൈബർ അറ്റാക്ക് നടക്കുകയാണെന്ന് അവർ ആരോപിച്ചു. ഭയപ്പെടുത്തി ഷെല്ലിലേക്ക് ഒതുക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും എന്നാൽ അതിന് നിന്നു കൊടുക്കാൻ താൻ തയ്യാറല്ലെന്നും വ്യക്തമാക്കിയ അവർ, 120 പേജുള്ള വിശദമായ പരാതി ഡി.ജി.പിക്ക് കൈമാറിയതായി അറിയിച്ചു.
Published: 20 Oct 2026, 03:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented