കൊച്ചി: പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർ നേരിട്ട ബുദ്ധിമുട്ടുകളും കോടതിയിൽ അഡ്വക്കറ്റ് ജനറലിന്റെ നിലപാടുകളും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്തതായി പരാതി. വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി എന്ന് വി.ഡി. സതീശൻ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് റീലിന്റെ അവസാനം പറഞ്ഞതാകാം ഒരുപക്ഷേ തന്റെ വീഡിയോ നീക്കം ചെയ്യാൻ കാരണമായതെന്ന് കോതമംഗലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് എൻ. ഡാനിയേൽ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ഒക്ടോബർ 18-ന് രാത്രി 10 മണിയോടെയാണ് ഈ റീൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് വെറും 17 മിനിറ്റിനകംതന്നെ ഇന്ത്യയിൽ ഈ ഉള്ളടക്കം കാണാൻ സാധിക്കില്ലെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽനിന്ന് അറിയിപ്പ് ലഭിക്കുകയും വീഡിയോ നീക്കം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് പിറ്റേന്ന് രാവിലെ ഫേസ്ബുക്കിൽനിന്നും ഈ വീഡിയോ അപ്രത്യക്ഷമായി. പോസ്റ്റ് ചെയ്ത് 17 മിനിറ്റിനകം വീഡിയോ നീക്കം ചെയ്യപ്പെടാൻ സാധാരണ രീതിയിലുള്ള മാസ് റിപ്പോർട്ടിങ് കൊണ്ട് സാധ്യമല്ലെന്ന് എൽദോസ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമേ ഇത്ര വേഗത്തിൽ ഒരു ഉള്ളടക്കം നീക്കം ചെയ്യപ്പെടൂ എന്നും ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കാലം തൊട്ട് നിരവധി രാഷ്ട്രീയ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് എൽദോസ് പറയുന്നു. ആരെയും അധിക്ഷേപിക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയിട്ടുള്ള പരാമർശങ്ങളും ഇതിൽ ഉണ്ടായിരുന്നില്ലെന്നും, ഒരു കോൺഗ്രസ് പ്രവർത്തകന്റെ വികാരം പങ്കുവെച്ചശേഷം വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി എന്നുപറഞ്ഞ് ആക്ഷേപഹാസ്യം കലർന്ന രീതിയിലാണ് വീഡിയോ അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം ചൂണ്ടിക്കാട്ടി മെറ്റയ്ക്ക് ഇമെയിൽ അയച്ചെങ്കിലും വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. വീഡിയോ മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സിന് എതിരല്ലെന്നും, എന്നാൽ ഇന്ത്യയിലെ ഐടി നിയമങ്ങൾക്കും പ്രാദേശിക നിയമങ്ങൾക്കും എതിരാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നുമാണ് മെറ്റ നൽകിയ വിവരങ്ങൾ. നിലവിൽ വിപിഎൻ വഴിയോ വിദേശരാജ്യങ്ങളിൽനിന്നോ മാത്രമാണ് ഈ റീൽ കാണാൻ സാധിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് യാതൊരുവിധ സമ്മർദങ്ങളും ഉണ്ടായിട്ടില്ലെന്നും, പാർട്ടി കമ്മിറ്റി യോഗങ്ങളിൽ വിഷയം ഔദ്യോഗികമായി ഉന്നയിക്കുമെന്നും എൽദോസ് എൻ. ഡാനിയേൽ വ്യക്തമാക്കി.
Content Highlights: A social media video posted by Youth Congress leader Eldos N. Daniel criticizing the Kerala government was swiftly removed from Instagram and Facebook, raising suspicions of official intervention.
Published: 20 Oct 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented