കോഴിക്കോട്: കാന്തപുരം വിഭാഗത്തിന് കേരള വഖഫ് ബോർഡിൽ അംഗത്വം നൽകാൻ തീരുമാനം. നിലവിലെ അംഗവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയോട് രാജി ആവശ്യപ്പെടും. ഈ ഒഴിവിലായിരിക്കും എ.പി. വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്തുക. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് മറ്റേതെങ്കിലും പദവി നൽകും. 

To advertise here,

കഴിഞ്ഞ ദിവസമാണ് കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ ഒൻപതംഗ ഭരണസമിതി നിലവിൽവന്നത്. മുസ്ലിംലീഗ് നേതാവ് എം.സി. മായിൻ ഹാജി ചെയർമാനായ ബോർഡിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ., എം.പി. മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. എന്നാൽ, കാന്തപുരം വിഭാഗത്തിന് പ്രതിനിധിയുണ്ടായിരുന്നില്ലെന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന തങ്ങളെ മനഃപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം നേതാക്കളായ റഹ്‌മത്തുള്ള സഖാഫി എളമരം ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഒക്ടോബർ 22-ന് കേരളത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ മാർച്ചുകൾ നടത്താനും കാന്തപുരം വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്. എന്നീ സംഘടകനൾ തീരുമാനിച്ചു.

തർക്കം രൂക്ഷമായതോടെ പ്രശ്‌നം പരിഹരിക്കാൻ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ കോഓർഡിനേഷൻ യോഗം വിളിച്ചു. എന്നാൽ, കാന്തപുരം വിഭാഗം നേതാക്കളാരും ഈ യോഗത്തിൽ പങ്കെടുത്തില്ല. 

എ.പി. വിഭാഗത്തിന്റെ പ്രതിഷേധം ന്യായമാണെന്ന പ്രതികരണവുമായി എം.കെ. രാഘവൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. ലീഗിനുള്ളിലും യു.ഡി.എഫിലും എ.പി. വിഭാഗത്തെ ഒഴിവാക്കിയതിൽ പൂർണ തൃപ്തിയുണ്ടായിരുന്നില്ലെന്നാണ് വിവരം. സാദിഖലി ശിഹാബ് തങ്ങളുടെ ചില തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ ഒഴിവാക്കപ്പെട്ടതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കാന്തപുരം വിഭാഗത്തെക്കൂടി പിണക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞു.

സമീപകാലത്ത് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മർക്കസിലെത്തി കാന്തപുരവുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇടത് അനുകൂല നിലപാടുകളിൽനിന്ന് മാറി ലീഗുമായി അടുക്കുന്ന എ.പി. വിഭാഗത്തെ തെരുവിലെ പ്രക്ഷോഭത്തിലേക്ക് തള്ളിവിടുന്നത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നും വടക്കൻ കേരളത്തിൽ യു.ഡി.എഫിനുള്ള ന്യൂനപക്ഷ പിന്തുണയെ ബാധിക്കുമെന്നും ലീഗ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തർക്കങ്ങൾ അടിയന്തരമായി പരിഹരിച്ച് വഖഫ് ബോർഡിൽ എ.പി. വിഭാഗത്തിന് പ്രാതിനിധ്യം നൽകാനുള്ള നിർണായക ഫോർമുലയിലേക്ക് കാര്യങ്ങളെത്തിച്ചത്.