കേരളത്തില്‍ സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമായി പ്രവര്‍ത്തിക്കുന്നത് ജനതാദള്‍ (എസ്) ആണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ദേശീയതലത്തില്‍ ബിജെപി സഖ്യകക്ഷിയായ ദേവഗൗഡ നയിക്കുന്ന ജനതാദള്‍(എസ്)നെ എല്‍ഡിഎഫില്‍നിന്ന് പുറത്താക്കാത്തത് ഈ ഉപകാരസ്മരണകാരണമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും വിവിധ തലങ്ങളില്‍ ജനതാദള്‍ (എസ്) പ്രതിനിധികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഇന്ത്യമുന്നണി കക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) നാമമാത്രമായ സീറ്റുകള്‍മാത്രമാണ് നല്‍കിയിട്ടുള്ളത്. നരേന്ദ്രമോദി മന്ത്രിസഭയില്‍ ജനതാദള്‍ (എസ്)ലെ കുമാരസ്വാമി മന്ത്രിയായിരിക്കുമ്പോള്‍ പിണറായി മന്ത്രിസഭയില്‍ കെ. കൃഷ്ണന്‍കുട്ടി ഇപ്പോഴും തുടരുന്നു. എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ രാഷ്ട്രീയ ജനതാദളിലെ കെ.പി. മോഹനനെമാത്രം ഒഴിവാക്കി. നിലവിലുണ്ടായിരുന്ന രാജ്യസഭാ സ്ഥാനം കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണിക്ക് നല്‍കിയപ്പോള്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന് നല്‍കിയില്ല. രാഷ്ട്രീയ ജനതാദളിനെ പൂര്‍ണമായും അവഗണിക്കുന്നത് ബിജെപിയെ പ്രീണിപ്പിക്കുന്നതിനാണ്, ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.