പാലക്കാട്: അടിയന്തരാവസ്ഥയ്ക്കുശേഷവും മാര്‍ക്‌സിസംപോലുള്ള വിദേശ ആദര്‍ശങ്ങള്‍ നാടിന്റെ ദുരന്തമായി നിലനില്‍ക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇവയുടെ ഇരകളായി കുട്ടികള്‍ മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ബാലഗോകുലം ഉത്തരകേരളം 50-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ചപോലുമില്ലാതെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ സെക്യുലറിസമെന്നും സോഷ്യലിസമെന്നുമെല്ലാം ബലമായി എഴുതിച്ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പുതിയകാലത്തെ വെല്ലുവിളികളെ നേരിടാനുള്ള കാര്യശേഷി കുട്ടികളിലുണ്ടാവണം. ലഹരിയുപയോഗത്തിനും ഡാര്‍ക് വെബ് പോലുള്ളവയ്ക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോകുലം ഉത്തരകേരളം അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ അധ്യക്ഷനായി. രാവിലെ പ്രവര്‍ത്തകസമിതി ശിബിരത്തില്‍ പതാകയുയര്‍ത്തലും മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു. ഉത്തരകേരളം പൊതു കാര്യദര്‍ശി എം. സത്യന്‍, ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തപ്രചാരക് എ. വിനോദ്, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, സെക്രട്ടറി യു. പ്രഭാകരന്‍, ടി.എന്‍. മുരളി, ബി. ശ്രീകുമാര്‍, പി. കൃഷ്ണദാസ്, കെ.പി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

ഉച്ചയ്ക്കുശേഷംനടന്ന സംഘടനാസഭ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ഉദ്ഘാടനംചെയ്തു. സംസ്ഥാന ഭഗിനിപ്രമുഖ സ്മിതവത്സലന്‍ അധ്യക്ഷയായി. ബാലപ്രതിഭാസംഗമം ഗായിക സൂര്യഗായത്രി ഉദ്ഘാടനംചെയ്തു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ കെ. മുരളീകൃഷ്ണന്‍ അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ സംസാരിച്ചു.

വിവിധമേഖലകളില്‍ പ്രതിഭതെളിയിച്ച 13പേരെ ഗുരുവന്ദനം പരിപാടിയില്‍ ആദരിച്ചു. പരിപാടി നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായി. നമ്മുടെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയ സീമാ ജാഗരണ്‍മഞ്ച് മുഖ്യ സംയോജക് എ. ഗോപാലകൃഷ്ണന്‍ സംസാരിച്ചു. സുവര്‍ണോജ്ജ്വലം കലാവിരുന്നും നടന്നു.

ഞായറാഴ്ച 9.30-ന് സമാപനസമ്മേളന ഉദ്ഘാടനവും സുവര്‍ണജയന്തി ആഘോഷ പ്രഖ്യാപനവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. 11.15-ന് പ്രതിനിധിസഭയില്‍ പ്രമേയാവതരണം, തിരഞ്ഞെടുപ്പ് എന്നിവയുണ്ടാവും.