കോഴിക്കോട്: ഒരു പൗരൻ എന്ന നിലയ്ക്ക് താൻ വട്ടപൂജ്യമാണ് എന്ന് മനസിലാക്കി തന്നത് അടിയന്തരാവസ്ഥ കാലമായിരുന്നുവെന്ന് എഴുത്തുകാരൻ സക്കറിയ. ഏത് പൗരനും സ്വന്തം രാജ്യത്തെ പറ്റി ഉണ്ടാവുന്ന അടിസ്ഥാന ആശങ്കയുണ്ട്. തന്റെ രാജ്യം നേർവഴിക്കാണോ പോകുന്നത് ജാനാധിപത്യത്തിനും മതേതരത്വത്തിനും കേട് വരുന്നുണ്ടോ എന്നിവയെക്കുറിച്ചെല്ലാം ആശങ്കയുണ്ട്. ഞാൻ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ആളുകൾക്കും ഈ ആശങ്ക അന്നും ഇന്നും ഉണ്ട്. അടിയന്തരാവസ്ഥയാണ് എന്റെ ജീവിതത്തിൽ ഒരു രാഷ്ട്രീയം ഉണ്ടാക്കിയതെന്നും സക്കറിയ പറഞ്ഞു.
സക്കറിയയുടെ ജീവിതവും ദർശനവും പ്രമേയമാക്കിയ സക്കറിയ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഉള്ളിൽ രാഷ്ട്രീയം വേണം. സ്വന്തം രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ചുള്ള ജാഗ്രത അവനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച കോഴിക്കോട് കൈരളി തിയേറ്ററിലാണ് പ്രദർശനം നടന്നത്. മെക്സിക്കോയിൽ നടക്കുന്ന വെരാക്രൂസ് ലോകചലച്ചിത്രമേളയിലേക്ക് ഓഫീഷ്യൽ എൻട്രി ലഭിച്ച'സക്കറിയ' ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഷൈനി ബെഞ്ചമിനാണ്.
ഉരുളികുന്നം എന്ന ഗ്രാമത്തിൽനിന്ന് അനുഭവങ്ങളുടെയും ഭാവനയുടെയും ലോകത്തിലേക്കുള്ള സക്കറിയയുടെ യാത്രയാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. ജനിച്ച നാടിന് പുറത്തെ ലോകത്തെപറ്റി വ്യാകുലപ്പെട്ട കുട്ടിക്കാലവും, തുടർന്ന് എഴുത്തുകാരൻ സഞ്ചരിച്ച വിശാലമായ ലോകവും ഡോക്യുമെന്ററിയിൽ കാണാം.
അച്ചു ഉള്ളാട്ടിലും, കെ.എം.ഗഫൂറും ചേർന്ന് നിർമിച്ച ഹ്രസ്വച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജെബിൻ ജേക്കബാണ്. ശരത്താണ് സംഗീതസംവിധാനം. വി.എഫ്.എക്സ് റാസിമുഹമ്മദ്, എഡിറ്റിങ്ങ് ഡോൺ മാക്സ്, അനിമേഷൻ സുനിൽ നമ്പു.
സക്കറിയയെ രൂപപ്പെടുത്തിയ ജീവിതങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഡോക്യൂമെന്ററിയിൽ മലയാളിയായും, എഴുത്തുകാരനായും ഇനിയുള്ള കാലം ജീവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും സക്കറിയ തുറന്നു സംസാരിക്കുന്നുണ്ട്.
Content Highlights: Writer Paul Zacharia stated that the Emergency made him realize a citizen's vulnerability., The documentary 'Zacharia', directed by Shiny Benjamin, explores his life and philosophy., The film was officially selected for the Veracruz World Film Festival in Mexico., The documentary traces his journey from Urulikunnam to the wider world of literature.
Published: 17 Nov 2026, 04:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented