മ്യൂസിയങ്ങളുടെ നഗരമായ മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ പ്ലാസിയോ ഡെ ബെല്ലാസ് ആർസ് എന്ന മ്യൂസിയത്തിൽ മെക്സിക്കൻ ആർട്ടിസ്റ്റും കമ്യൂണിസ്റ്റുമായ ഡീഗോ റിവേറയുടെ ഒരു മ്യൂറലിനു മുന്നിൽ വലിയ ആൾക്കൂട്ടം. മാർക്സിസത്തെപ്പറ്റി വിവരിക്കുന്ന ഏറ്റവും വലിയ ചുമർച്ചിത്രത്തെപ്പറ്റി പറയുകയാണ് ചെറുപ്പക്കാരിയായ ഗൈഡ്. ഒരു മുഴുനീള സിനിമാസ്‌ക്രീനിന്റെ വലുപ്പമുള്ള വലിയ മ്യൂറൽ. യന്ത്രം തിരിക്കുന്ന ഒരു ഫാക്ടറിത്തൊഴിലാളിക്ക് ഇരുവശത്തുമായി രണ്ടാശയങ്ങൾ പകുക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തവും കമ്യൂണിസവും. ‘മേൻ, കൺട്രോളർ ഓഫ് ദ യൂനിവേഴ്സ്’ എന്ന വിഖ്യാതസൃഷ്ടി. ഒരുവശത്ത് ദാരിദ്ര്യം, ചൂഷണം, സുഖലോലുപത. മറുവശത്ത് അച്ചടക്കത്തിന്റെ മുന്നേറ്റം.

To advertise here,

1932-ൽ അമേരിക്കയിലെ ധനാഢ്യരായ റോക്ഫെല്ലർ കുടുംബം ചിത്രകാരനായ റിവേറയെ ന്യൂയോർക്കിലുള്ള അവരുടെ അംബരചുംബിയുടെ ലോബിയിൽ ചിത്രം വരയ്ക്കാൻ ഏൽപ്പിച്ചു. കട്ട കമ്യൂണിസ്റ്റായ റിവേറ, കിട്ടിയ അവസരത്തിൽ ലെനിൻ തൊഴിലാളികളുമായി സംസാരിക്കുന്ന ഒരു ഭാഗം വരച്ചുചേർത്തു. മുതലാളിത്തത്തിനെതിരായ ആഹ്വാനമായി ഇതിനെക്കണ്ട കുടുംബം ലെനിനെ മായ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. റിവേറയുടെ പണിപോയി. മെക്സിക്കൻ സർക്കാരിന്റെ അനുമതിയോടെ അത്തരമൊരു മ്യൂറൽ റിവേറ ഇവിടെ വരച്ചു. മാർക്സും ഏംഗൽസും തൊഴിലാളികളും വനിതാ അത്‌ലറ്റുകളും മുന്നേറ്റവും ഒരു പകുതിയിൽ നിറഞ്ഞുനിൽക്കുന്നു. ലെനിനാണ് പ്രാമുഖ്യം. ലിയോൺ ട്രോട്സ്‌കി മുന്നിൽത്തന്നെയുണ്ട്‌.

സ്റ്റാലിനയച്ച കൊലപാതകി ട്രോട്സ്‌കിയെ ഐസ് മഴുകൊണ്ട് തലയ്ക്കടിച്ചുകൊന്നത് മെക്സിക്കോസിറ്റിയിലെ കോയാക്കനിലെ മുറിയിലാണ്. മെക്സിക്കോയുടെ സാംസ്‌കാരികമുഖം പക്ഷെ, ഫ്രിദാ കാലോയാണ്. വിഖ്യാത ചിത്രകാരിയും ഫെമിനിസ്റ്റുമായ ഫ്രിദ, കീച്ചെയിൻ മുതൽ ഗ്രാഫിറ്റികളിൽവരെ നിറഞ്ഞുകിടക്കുന്നു. വാഹനാപകടത്തിൽ തകർന്ന എല്ലുകളുമായി വേദനകടിച്ചമർത്തി ലോകത്തെ ഭ്രമിപ്പിച്ച ചിത്രകാരി മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകയും റിവേറയുടെ മൂന്നാം ഭാര്യയുമായിരുന്നു. സോവിയറ്റ് നാട്ടിൽനിന്ന് ഓടിവന്ന ട്രോട്സ്‌കിയുടെ ആതിഥേയരായിരുന്നു അവർ. വൈകാതെ ഇരുവരും പ്രണയത്തിലായി. 28 വയസ്സിന്റെ വ്യത്യാസം.

ട്രോട്‌സ്‌കിയിൽനിന്ന് ഫ്രിദ പതിയെ അകന്നു. 1940-ൽ ട്രോട്സ്‌കിയുടെ കൊലപാതകത്തിനുശേഷം മെക്സിക്കൻ പോലീസ് ഫ്രിദയെ അറസ്റ്റുചെയ്തു. കൊലപാതകിയായ റമോൺ മെർകാഡറിനെ അവർ പാരീസിൽവെച്ച് കണ്ടുവെന്നാരോപിച്ചാണത്. ട്രോട്‌സ്‌കി താമസിച്ച കടുംനീല നിറത്തിലുള്ള ഫ്രിദയുടെ വീട് ഇന്നൊരു മ്യൂസിയമാണ്. കണ്ണാടി നോക്കുന്ന പ്രശസ്തമായ കിടപ്പറ, അടുക്കള, സ്റ്റുഡിയോ എല്ലാം അവിടെയുണ്ട്. അകത്തുകയറാൻ നേരത്തേ ബുക്കുചെയ്യണം. ലോകകപ്പുകാരണം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നു. സിനിമയിൽ ഫ്രിദയെ അവതരിപ്പിച്ച മെക്‌സിക്കൻ വിശ്വസുന്ദരി സൽമ ഹയ്ക് ആയിരുന്നു ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ആകർഷണം.

മെക്സിക്കോനഗരം ഒരുകാലത്ത് മാർക്സിസ്റ്റുകളുടെ കേന്ദ്രമായിരുന്നു. വിഖ്യാത നോവലിസ്റ്റ് ഹോസെ രെവലറ്റസ് സാഞ്ചസിനെപ്പോലുള്ളവർ അതിന് ആഢ്യത കൊണ്ടുവന്നു. ഫിദലും ചെയും ക്യൂബൻ വിപ്ലവത്തിന്റെ ആലോചനകൾ നടത്തിയ നഗരം. മെക്സിക്കോയിൽ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയത് ഒരു ഇന്ത്യക്കാരനാണെന്നുപറഞ്ഞാൽ പക്ഷേ, വിശ്വസിക്കാൻ പ്രയാസമാവും. സത്യമാണ്. റോമാ നോർട്ടെയിലെ ഒരു വീട്ടിൽ തൊഴിലാളിപ്രവർത്തകരായ ഹോസെ, അലൻ മാന്വൽ റമിറസ എന്നിവരെ കാണാനെത്തിയിരുന്ന ഒരു ഇരുണ്ട ഇന്ത്യക്കാരൻ. മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ. റോയ്. റോയ് സന്ദർശിച്ചിരുന്ന വീട് ഇന്ന് മെക്സിക്കോ നഗരത്തിലെ ഏറ്റവും മികച്ച നിശാക്ലബ്ബാണ്. ധനാഢ്യർ സന്ദർശിക്കുന്ന എം.എൻ. റോയ് ക്ലബ്.