തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കേരളത്തിലെത്തും. സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി നടത്തിയ ഇടപെടലിലില്‍ ഇസ്രായേല്‍ പോലീസാണ് ബിജു കുര്യനെ തിരിച്ചയച്ചത്. വിസ കാലാവധി ഉള്ളതിനാല്‍ നിയമപരമായി ഇസ്രായേലില്‍ തുടരുന്നതിന് ബിജു കുര്യന് തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ഇടപെടല്‍ ബിജു കുര്യന്‍ തിരിച്ചടിയായി.

To advertise here,

മലയാളികള്‍ താമസിക്കുന്ന ഒരുപ്രദേശത്താണ് ബിജു കുര്യന്‍ ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എംബസി ഇസ്രായേല്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇദ്ദേഹത്തെ സംരക്ഷിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബിജുവിനോട് എംബസിയുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ച് ഇസ്രയേലില്‍ ജോലിചെയ്യുന്ന മലയാളികളോട് ഫെയ്സ്ബുക്ക് പോസ്റ്റിടാനും എംബസി നിര്‍ദേശിച്ചിരുന്നു.

ബിജു കുര്യനെ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സന്ദേശം എംബസി വഴി കേരളസര്‍ക്കാരിന് ലഭിച്ചിട്ടുള്ളതായാണ് വിവരം.

അതേസമയം, ബിജു തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിജുവിന്റെ സഹോദരന്‍ ഫോണില്‍ വിളിച്ചാണ് മന്ത്രിയോട് വിവരങ്ങള്‍ ധരിപ്പിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാകരുതെന്നും മന്ത്രിയോട് അപേക്ഷിക്കുകയുണ്ടായി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്ന കുടുംബത്തിന്റെ വാദം സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും കേസ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനിടയില്ല. ഇക്കാര്യം മന്ത്രി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തുന്ന ബിജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കും.