മലപ്പുറം: കേരള വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. സമസ്ത പുറത്താക്കിയ എം.പി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. വഖഫ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റശേഷം തന്നെ കാണാനെത്തിയ എം.സി. മായിൻ ഹാജിക്കൊപ്പം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങൾ.

To advertise here,

മായിൻ ഹാജിയെ ചെയർമാനായി തിരഞ്ഞെടുത്തതിൽ ഒരു വിയോജിപ്പുമില്ലെന്ന് തങ്ങൾ പറഞ്ഞു. മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്. ചെറുപ്പംമുതൽ സമസ്തയോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയായതിനാൽ സമസ്തയുമായി ബന്ധപ്പെട്ട ന്യായമായ കാര്യങ്ങൾ നീതിപൂർവം സാധിപ്പിച്ചുതരുമെന്ന വിശ്വാസമുണ്ട്. ബോർഡ് ചെയർമാൻ എന്നനിലയിൽ നിഷ്പക്ഷമായും നീതിപൂർവവുംമാത്രമേ പ്രവർത്തിക്കാവൂ എന്ന് മായിൻ ഹാജിയോട് ഉപദേശിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.

ബോർഡ് പുനഃസംഘടിപ്പിക്കുമ്പോഴോ ആളുകളെ നിശ്ചയിക്കുമ്പോഴോ സമസ്ത മുൻകൂട്ടി ഇടപെടാറില്ല. ആരെ ഉൾപ്പെടുത്തണമെന്ന് ചോദിച്ചാൽമാത്രമാണ് സംഘടനയുടെ അഭിപ്രായം പറയാറുള്ളതെന്നും തങ്ങൾ പറഞ്ഞു. വിവിധ സംഘടനകളിൽനിന്നോ വിഭാഗങ്ങളിൽനിന്നോ ഉള്ള ആളുകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന് അവരുടേതായ മാനദണ്ഡങ്ങളുണ്ടായിരിക്കും. അതിൽ സമസ്ത മറുപടി പറയേണ്ടതില്ല മുൻപ് പിണറായി സർക്കാരിന്റെ കാലത്ത് ഉമർ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയപ്പോഴും സമസ്തയോട് മുൻകൂട്ടി ചോദിച്ചിരുന്നില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.