
കൊച്ചി: കേരളത്തിൽ വ്യവസായരംഗത്ത് വമ്പൻനിക്ഷേപത്തിനു വഴിതുറന്ന് ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിക്കു സമാപനം. വെള്ളി, ശനി ദിവസങ്ങളിലായിനടന്ന ഉച്ചകോടിയിൽ 1,52,905 കോടിരൂപയുടെ നിക്ഷേപവാഗ്ദാനമാണുണ്ടായതെന്ന് സമാപനസമ്മേളനത്തിൽ വ്യവസായമന്ത്രി പി. രാജീവ് വെളിപ്പെടുത്തി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം പ്രഖ്യാപിച്ച 50,000 കോടിരൂപയുടെ ദേശീയപാതാവികസനത്തിനു പുറമേയാണിത്.
നിക്ഷേപവാഗ്ദാനവുമായെത്തിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് സംവിധാനം അവതരിപ്പിക്കും. മൂന്നുവർഷത്തിലൊരിക്കൽ ഇൻവെസ്റ്റ് കേരള ഉച്ചകോടി നടത്തും. കേന്ദ്രവും പ്രതിപക്ഷവും നൽകിയ പിന്തുണ വികസനരംഗത്ത് പുതിയമാതൃക സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ഗ്രാന്റ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവെഷൻ സെന്ററിൽനടന്ന ഉച്ചകോടിയുടെ സമാപനസമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്തു. വ്യാവസായിക, സാമ്പത്തിക വികസനത്തിലൂടെ 2047-ഓടെ കേരളത്തിന് ഒരു ലക്ഷം കോടി ഡോളറിന്റെ (88 ലക്ഷം കോടിരൂപ) സമ്പദ്ഘടനയാകാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തോടൊപ്പം ഒരുമിച്ചുമുന്നേറാൻ കേരളത്തിന് അവസരമുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ഗെയ്‌ൽ വാതക പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നീ പദ്ധതികൾ ഭൂമിയേറ്റെടുക്കലിന്റെപേരിൽ പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാൽ, കേന്ദ്രം ഇടപെട്ടപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ വേഗത്തിലാണ് ഇടപെട്ടതെന്നും ഇത് പ്രതിസന്ധി പരിഹരിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിന്റെകാര്യത്തിൽ പോസിറ്റീവാണെന്നും അത് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അങ്ങനെത്തന്നെയാണെന്നും മുൻവ്യവസായമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
24 ഐ.ടി. കമ്പനികൾ കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. 60,000 തൊഴിലവസരവുമുണ്ടാകും.
Content Highlights: Invest Kerala summit- investment offer of 1.53 lakh crore
Published: 23 Feb 2025, 09:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented