കൊച്ചി: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. അമേരിക്ക, യുകെ, ജർമനി, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
രാംകി ഇൻഫ്രാസ്ട്രക്ചർ- 6,000 കോടി രൂപ (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ്റ്റൈനബിലിറ്റി- 1,000 കോടി (മാലിന്യ സംസ്‌കരണം), ഇൻസ്റ്റ പേ സിനർജീസ് - 100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ്- 1,000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് - 5,000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-1,000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്‌നോളജീസ് - 1,000 കോടി (ഡേറ്റ സെന്റർ), ഡെൽറ്റ എനർജി- 1,600 കോടി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് - 10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ -1,300 കോടി, കാനിസ് ഇന്റർനാഷണൽ -2,500 കോടി (എയ്‌റോസ്‌പേസ് ആൻഡ് എനർജി), സെയ്ൻ വെസ്റ്റ് കാപ്‌സ് അഡൈ്വസറി - 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്.
67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി. മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡേറ്റാ സെന്റർ, എമർജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്.
താത്പര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താത്പര്യപത്രങ്ങളിൽ 24 ശതമാനം നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനു പുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താത്പര്യപത്രം ഒപ്പുവെച്ചത്.
ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതൽ ചർച്ച നടത്തി. 22 സിഇഒമാർ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിങ്ങും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് അഞ്ചംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ദാവോസ് സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇത്തവണ അത് താത്പര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താൻ കഴിഞ്ഞു- പി. രാജീവ്,
Content Highlights: Kerala Secures ₹1.18 Lakh Crore in Investment Pledges at World Economic Forum, Davos
Published: 24 Jan 2026, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented