കൊച്ചി: 'ഇന്‍വെസ്റ്റ് കേരള' ഉച്ചകോടിയില്‍ ലഭിച്ച നിക്ഷേപവാഗ്ദാനങ്ങളില്‍ 60 ശതമാനമെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ്. മൊത്തം 1.53 ലക്ഷംകോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളാണ് ലഭിച്ചത്. ഇവയുടെ വിലയിരുത്തല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

To advertise here,

താത്പര്യപത്രങ്ങള്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസരിച്ചാണോയെന്ന് പരിശോധിച്ചുമാത്രമേ ധാരണാപത്രം ഒപ്പിടുന്നതിലേക്ക് കടക്കൂ. ഉച്ചകോടിക്കുശേഷവും നിക്ഷേപവാഗ്ദാനങ്ങള്‍ വരുന്നുണ്ട്. ചെറി ഹോള്‍ഡിങ്സിന്റെ 4400 കോടിരൂപയുടെയും സ്‌പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 500 കോടിയുടെയും ഇ.എഫ്. കണ്‍സ്ട്രക്ഷന്‍സിന്റെ 2500 കോടിയുടെയും പദ്ധതികള്‍ ഇതില്‍പ്പെടും. ആര്‍.പി. ഗ്രൂപ്പ് നിക്ഷേപവാഗ്ദാനം 2000 കോടിയില്‍നിന്ന് 4000 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്.

ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏഴംഗസംഘത്തിനൊപ്പം അതത് മേഖലയിലെ വിദഗ്ധരെയും ചുമതലപ്പെടുത്തും. പദ്ധതികളുടെ പുരോഗതി ഡാഷ്‌ബോര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമൊരുക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും. മാസംതോറും വ്യവസായമന്ത്രിയുടെ അധ്യക്ഷതയിലും വിലയിരുത്തലുണ്ടാകും. 

അനുമതികള്‍ വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയുണ്ടാകും. വ്യവസായ-വാണിജ്യ ചേംബറും സംഘടനകളും മികച്ച പിന്തുണയാണ് നല്‍കിയതെന്നും അവരുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതകളോട് ചേര്‍ന്ന് ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ വികസിപ്പിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയാണിതെന്ന് മന്ത്രി രാജീവ് പറഞ്ഞു. 'ഇന്‍വെസ്റ്റ് കേരള' ഉച്ചകോടി ഉദ്ഘാടനച്ചടങ്ങില്‍ നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ച ദേശീയപാതാ വികസനനിക്ഷേപത്തിന് പുറമേയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.