
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനമാണ് (International Day Against Drug Abuse and Illicit Trafficking). ഓരോ വർഷവും ഈ ദിനം ആചരിക്കുമ്പോൾ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ-സാമൂഹിക വെല്ലുവിളികളിലൊന്നായ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ ചിന്തിക്കേണ്ടത് അനിവാര്യമാണ്. മയക്കുമരുന്ന് ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല. അത് കുടുംബത്തെയും സുഹൃത്തുക്കളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹത്തെയാകെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. കൗമാരക്കാരും യുവാക്കളുമാണ് ഇന്ന് കൂടുതൽ അപകടസാധ്യത നേരിടുന്ന വിഭാഗം. കൗതുകം, കൂട്ടുകാരുടെ സമ്മർദം, മാനസിക സംഘർഷങ്ങൾ, ഏകാന്തത, പരാജയഭീതി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നിവ പലപ്പോഴും മയക്കുമരുന്നിലേക്കുള്ള ആദ്യ ചുവടുവെപ്പിന് കാരണമാകുന്നു.
പലരും മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുന്നത് "ഒരുതവണ മാത്രം പരീക്ഷിക്കാം" എന്ന ചിന്തയോടെയാണ്. എന്നാൽ ചിലരിൽ അത് ക്രമേണ ശീലമായി മാറുകയും പിന്നീട് ആശ്രിതാവസ്ഥയിലേക്കും എത്തിച്ചേരുകയും ചെയ്യാം. മസ്തിഷ്കത്തിൽ 'ഡോപാമിൻ' എന്ന രാസവസ്തു അമിതമായി ഉൽപാദിപ്പിക്കുന്നതിനാൽ, ഉപയോഗിക്കുന്ന സമയത്ത് താൽക്കാലിക സന്തോഷമോ ആശ്വാസമോ അനുഭവപ്പെടാം. എന്നാൽ പിന്നീട് അത് പഠനം, ജോലി, കുടുംബബന്ധങ്ങൾ, ശാരീരിക ആരോഗ്യം, മാനസികാരോഗ്യം എന്നിവയെ ഗുരുതരമായി ബാധിച്ചേക്കാം.
"എനിക്ക് ലഹരി വേണ്ടിയിരുന്നില്ല; മനസ്സിന് ഒരു ആശ്വാസം മാത്രമാണ് ഞാൻ തേടിയത്." ചികിത്സയ്ക്കുശേഷം ഒരു യുവാവ് പറഞ്ഞ വാക്കുകളാണിത്. കൂട്ടുകാരുടെ സ്വാധീനത്തിൽ ആരംഭിച്ച ലഹരി ഉപയോഗം പിന്നീട് പഠനത്തെയും കുടുംബബന്ധങ്ങളെയും തകർത്തു. ഉറക്കക്കുറവും മാനസിക അസ്വസ്ഥതകളും വർധിച്ചതോടെ ജീവിതം കൈവിട്ടുപോകുന്നതുപോലെ അദ്ദേഹത്തിന് തോന്നി. എന്നാൽ ശരിയായ സമയത്ത് ലഭിച്ച മനഃശാസ്ത്ര ചികിത്സയും കുടുംബത്തിന്റെ പിന്തുണയും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് ആ യുവാവ് പഠനത്തിലും വ്യക്തിജീവിതത്തിലും വീണ്ടും സജീവമാണ്. ലഹരിയുടെ പിന്നിൽ പലപ്പോഴും പറയാതെപോയ വേദനകളും സമ്മർദങ്ങളും ഉണ്ടാകാമെന്നത് ഈ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളെ സമൂഹം പലപ്പോഴും കുറ്റവാളിയായി കാണാറുണ്ട്. എന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടിൽ, ലഹരി ആശ്രിതാവസ്ഥ ഒരു ചികിത്സയും പിന്തുണയും ആവശ്യമായ ആരോഗ്യപ്രശ്നമാണ്. കുറ്റപ്പെടുത്തലും അപമാനവും പലപ്പോഴും പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അതിനുപകരം സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തേണ്ടതുണ്ട്.
കേരള സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു യുവ ഡോക്ടറായ വന്ദനദാസിൻ്റെ ദാരുണ മരണം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഒരാളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആ സംഭവം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചും ലഹരി ഉപയോഗത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒരു വ്യക്തിയുടെ ലഹരി ഉപയോഗം അയാളുടെ ജീവിതത്തെ മാത്രമല്ല ബാധിക്കുന്നത് ; ചിലപ്പോൾ നിരപരാധികളായ മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കാൻ കഴിയുമെന്ന മുന്നറിയിപ്പുകൂടിയാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.
ഇന്ന് കേരളം ലഹരിക്കെതിരായ ശക്തമായ പോരാട്ടത്തിലാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ" പോലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മയക്കുമരുന്ന് വിതരണ ശൃംഖലകളെ തടയുന്നതിനും യുവജനങ്ങളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത്തരം നിയമനടപടികൾ സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നുണ്ടെങ്കിലും, ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ നിയമപാലന സംവിധാനങ്ങളുടെ ഇടപെടൽ മാത്രം മതിയാകില്ല. കുടുംബവും വിദ്യാലയവും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളും പൊതുസമൂഹവും കൈകോർക്കുമ്പോഴാണ് ഈ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളുമായും യുവാക്കളുമായും തുറന്ന ആശയവിനിമയം നടത്തുക, അവരുടെ വികാരങ്ങൾ കേൾക്കുക, മാനസിക സമ്മർദങ്ങൾ തിരിച്ചറിയുക, ആവശ്യമായപ്പോൾ വിദഗ്ധസഹായം തേടുക എന്നിവ വളരെ പ്രധാനമാണ്. ഭയപ്പെടുത്തുന്നതിലുപരി ബോധവൽക്കരണമാണ് കൂടുതൽ ഫലപ്രദം.
ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ:
- പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ
- പഠനത്തിലോ,ജോലിയിലോ താൽപര്യക്കുറവ്
- ഉറക്ക-ഭക്ഷണ ശീലങ്ങളിലെ വ്യതിയാനങ്ങൾ
- കുടുംബാംഗങ്ങളിൽ നിന്ന് അകന്നുനിൽക്കൽ
- അസാധാരണമായ സാമ്പത്തികാവശ്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ അതിനെ ഗൗരവമായി കാണണം.
ഒരാൾ ലഹരിക്ക് അടിമയായെന്നു തിരിച്ചറിഞ്ഞാൽ അദ്ദേഹത്തെ ഒറ്റപ്പെടുത്താതെ, ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും നയിക്കുകയാണ് വേണ്ടത്. കാരണം, ലഹരിക്കെതിരായ ഏറ്റവും ശക്തമായ ആയുധം ഭയമല്ല, അറിവും കരുതലുമാണ്.
ഈ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ, "ലഹരിയോട് നോ പറയുക. ആരോഗ്യം തിരഞ്ഞെടുക്കുക. ജീവിതം തിരഞ്ഞെടുക്കുക. നല്ലൊരു ഭാവി തിരഞ്ഞെടുക്കുക” എന്ന സന്ദേശം നമുക്ക് ഉയർത്തിപ്പിടിക്കാം. ലഹരിക്കെതിരെ ജാഗ്രതയും ജീവിതത്തോട് പ്രതിബദ്ധതയും വളർത്തിയെടുക്കുമ്പോഴാണ് ആരോഗ്യകരവും മൂല്യബോധമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുക. ഓരോ യുവത്വത്തെയും ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ കഴിയുമ്പോൾ, നാം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും സംരക്ഷിക്കുകയാണ്.
Content Highlights: Highlights the social and health impacts of drug addiction on families and individuals., Emphasizes that addiction is a health condition requiring empathy, not social stigma., Discusses the role of government initiatives like Operation Toofan in curbing supply chains., Provides actionable signs to identify drug abuse in youth., Advocates for open communication between parents, educators, and youth to prevent substance use.
Published: 26 Jun 2026, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented