കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജ് ആന്റി ഡ്രഗ് ക്ലബ്ബിന്റെയും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും, പാല എക്‌സൈസ് ഓഫിസ്, കിടങ്ങൂര്‍ പോലീസ് ഓഫീസ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ സംയുക്തമായി ലഹരിവിരുദ്ധ ദിനം ആചരിച്ചു. നഴ്‌സിംഗ് കോളേജ് അങ്കണത്തില്‍ നിന്നും സെന്റ് മേരിസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കു നടത്തിയ റാലി, നഴ്‌സിംഗ് കോളേജ് സൈക്യാട്രി വിഭാഗം മേധാവി പ്രൊഫസര്‍ സിസ്റ്റര്‍ ജാനി ഫ്‌ലാഗ് ഓഫ് ചെയ്തു. ആന്റി ഡ്രഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപകരും കുട്ടികളും അണിനിരന്ന റാലി ലഹരി ഉപയോഗത്തിന് എതിരായ സന്ദേശം നല്‍കുന്നതായിരുന്നു. 

To advertise here,

നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി അധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനു ഇഎം  ഉദ്ഘാടനവും ആന്റി ഡ്രഗ് ഡേ തീം ഓപ്പണിങ്ങും നടത്തി. പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ജെക്‌സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ ഷെല്ലി ജോസഫ്, നഴ്‌സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ മിസ് അനജോ ജോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മിസ്റ്റര്‍ മഹേഷ് കെ. എല്‍. കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, മാതൃഭൂമി നടത്തിയ ആന്റി ഡ്രഗ് ക്യാമ്പയിനില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ലിറ്റില്‍ ലൂര്‍ദ്  കോളേജ് ഓഫ് നഴ്‌സിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി മിസ് ഗൗരി കൃഷ്ണക്ക് പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. നഴ്‌സിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ ലഹരിയെ കുറിച്ച് നടത്തിയ തെരുവുനാടകം ഏറെ സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു. പ്രസ്തുത പരിപാടിക്ക് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി മിസ് റാണി ഫിലിപ് സ്വാഗതവും സെന്റ്‌മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി മേഘാ തോമസ് നന്ദിയും അര്‍പ്പിച്ചു. ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജിലെയും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒട്ടേറെപേര്‍ പങ്കെടുത്തു.