ജൂൺ 26: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

To advertise here,

1987 ഡിസംബർ ഏഴിലെ പ്രമേയത്തിലൂടെയാണ് മയക്കുമരുന്ന് ദുരുപയോഗത്തിനും മയക്കുമരുന്നിന്റെ അനധികൃതകടത്തിനും എതിരായ അന്താരാഷ്ട്രദിനമായി ജൂൺ 26 ആചരിക്കാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ തീരുമാനിച്ചത്. ലോക മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ ഈവർഷത്തെ ഐക്യരാഷ്ട്രസഭാ പ്രമേയം ആഗോള മയക്കുമരുന്ന് വിപത്ത്: നിലവിലെ പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതന പ്രതിരോധ മാർഗങ്ങൾ (World drug problem: persisting issues, new challenges, innovative responses) എന്നതാണ്.

ഈ പ്രമേയത്തിലൂടെ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) പ്രധാനമായും നാലുമേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: നൂതനപ്രതിരോധം. അതായത് ലഹരിമാഫിയയുടെ കെണിയിൽ വീഴാൻ സാധ്യതയുള്ള കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും സംരക്ഷിക്കാൻ ശാസ്ത്രീയമായ, പുതിയ പ്രതിരോധമാർഗങ്ങൾ നടപ്പിലാക്കുക. സിന്തറ്റിക് ലഹരിപദാർഥങ്ങളുടെ വെല്ലുവിളി, ലഹരിക്കടത്ത് തടയുക, മാനുഷികപരിഗണനയും ചികിത്സയും.

ലഹരിക്കടിമപ്പെട്ടവരെ കുറ്റവാളികളായി കാണുന്നതിനു പകരം മികച്ച ചികിത്സയും കൗൺസലിങ്ങും നൽകി സമൂഹത്തിലേക്ക് തിരികെക്കൊണ്ടുവരിക, മയക്കുമരുന്നുവ്യാപനം തടയുന്നതിന് പുതിയ നയങ്ങൾ ആവിഷ്‌കരിക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കൃഷിയിൽനിന്ന് നിയമപരമായ മറ്റ് ഉപജീവനമാർഗങ്ങളിലേക്ക് മാറാൻ കർഷകർക്ക് അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.

വൺ മില്യൺ തൂഫാൻ ഗോൾസ് @വേൾഡ് കപ്പ് 2026
ലോകകപ്പ് ഫുട്‌ബോൾ ആവേശത്തോടനുബന്ധിച്ച്, ഈ വർഷം ജൂൺ 11 മുതൽ ജൂലായ് 20 വരെ വിദ്യാലയങ്ങളിൽ നടത്തുന്ന നൂതനപദ്ധതി. ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കായികരംഗവും ലഹരിവിരുദ്ധ ബോധവത്കരണവും സമന്വയിപ്പിക്കുന്ന പരിപാടിയാണിത്. സ്‌കൂളുകളിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾപോസ്റ്റുകളിലേക്ക് വിദ്യാർഥികളും അധ്യാപകരും പ്രാദേശിക കായികകൂട്ടായ്മകളും ചേർന്ന് മൊത്തം പത്തുലക്ഷം ഫുട്‌ബോൾ ഗോളുകൾ അടിച്ച് പൂർത്തിയാക്കുന്നു. ഓരോ ഗോളും ലഹരിക്കെതിരേയുള്ള ശക്തമായ പ്രതിജ്ഞയാണ്. ഈ പരിപാടിയിലൂടെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് പങ്കാളികളാകാം.

ഓപ്പറേഷൻ തൂഫാൻ
കേരളത്തിൽ വർധിച്ചുവരുന്ന ലഹരിമരുന്നുവ്യാപനം തടയുന്നതിനും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനസർക്കാർ ആരംഭിച്ച ലഹരിവിരുദ്ധ യജ്ഞമാണ് 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്'. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കേരള പോലീസാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിവിൽപനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ഫോൺ: 9497979794, 9497927797; വാട്സാപ്പ്: 9995966666.

അറിയാം അപകടങ്ങൾ
തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനത്തെയും നാഡീവ്യവസ്ഥയെയും തകരാറിലാക്കുന്നു. ഓർമ്മശക്തി, ചിന്താശേഷി, വിവേചനബുദ്ധി എന്നിവ ഇല്ലാതാക്കുന്നു. ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക, ആഗ്നേയഗ്രന്ഥി തുടങ്ങിയ പ്രധാന അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നതിന് ഇടയാകുന്നു. അമിത അളവിലുള്ള ഉപയോഗം പെട്ടെന്നുള്ള മരണത്തിന് കാരണമാകും. സിറിഞ്ചുകൾ പങ്കുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നത് എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി & സി തുടങ്ങിയ മാരകരോഗങ്ങൾ പകരാൻ കാരണമാകുന്നു. വിഷാദം, ഭയം, മനോവിഭ്രാന്തി, യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുക, സംശയരോഗം, കടുത്ത നിരാശ, ആത്മഹത്യാപ്രവണത തുടങ്ങിയ മാനസികപ്രശ്നങ്ങൾക്ക് ഇടയാകും. സാമൂഹിക-സാമ്പത്തിക തകർച്ച: ലഹരിക്ക് അടിമപ്പെടുന്നവർ വീട്ടിലും സമൂഹത്തിലും വഴക്കുകളും അക്രമങ്ങളും ഉണ്ടാക്കുന്നു. കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും വർധിക്കുന്നു. വലിയ തുക ലഹരിക്കായി ചെലവഴിക്കുന്നത് കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു. ലഹരി ഉപയോഗം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കുന്നതിനാൽ, വിദ്യാർഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും.

വിമുക്തി മിഷൻ
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നത് ലക്ഷ്യമാക്കി, എക്സൈസ് വകുപ്പ് വഴി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന പദ്ധതി. ലഹരിവിരുദ്ധ ബോധവത്കരണം, ലഹരിവിമുക്ത ചികിത്സ, പുനരധിവാസം എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സർക്കാരാശുപത്രികളോട് ചേർന്ന് സൗജന്യ വിമുക്തി ലഹരിവിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൗൺസലിങ്ങിനും സഹായങ്ങൾക്കുമായി വിമുക്തി മിഷന്റെ സൗജന്യ ടോൾ ഫ്രീ നമ്പറിലേക്ക് (14405) വിളിക്കാം.

സ്‌കൂളിൽ ചെയ്യാവുന്ന പ്രവൃത്തികൾ

സിഗ്‌നേച്ചർ കാംപെയ്ൻ: 'ഞാൻ ലഹരിക്കെതിരേ ഒപ്പിടുന്നു' എന്ന പേരിൽ വലിയൊരു ചാർട്ടോ കാൻവാസോ സ്‌കൂളിൽ സ്ഥാപിക്കുക. പ്രധാനാധ്യാപകൻ മുതൽ എല്ലാ വിദ്യാർഥികളും അതിൽ ഒപ്പുവെച്ച് ലഹരിക്കെതിരെയുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കട്ടെ.

പോസ്റ്റർ നിർമാണവും ചിത്രരചനയും: കുട്ടികൾ വരയ്ക്കുന്ന മികച്ച ചിത്രങ്ങൾ സ്‌കൂൾ നോട്ടീസ് ബോർഡിലോ പ്രത്യേകം തയ്യാറാക്കിയ എക്‌സിബിഷൻ കോർണറിലോ പ്രദർശിപ്പിക്കാം

പ്രസംഗം, ഉപന്യാസരചന, ക്വിസ് മത്സരങ്ങൾ: ലഹരി വിപത്തിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് നൽകാൻ ഉപകരിക്കുന്ന മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലോ ഹൗസ് അടിസ്ഥാനത്തിലോ നടത്താം.

placeholder