
പിറന്നാളാഘോഷത്തിന്റെ ദൃശ്യം: Screen grab|Mathrubhumi News
കോഴിക്കോട്: യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ച് വിവാദത്തിലായ കൊടുവള്ളി പോലീസ് സ്റ്റേഷന്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്നും സസ്‌പെപെന്റ് ചെയ്തു. വിവാദത്തെ തുടര്‍ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കുറ്റവാളികളുമായുള്ള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആര്‍ വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) സമര്‍പ്പിച്ചിരുന്നു.
ഗുണ്ട, എന്‍ഡിപിഎസ് പ്രതി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും ചില വ്യക്തികളില്‍ നിന്ന് സംശയാസ്പദമായ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഗണ്യമായ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണത്തിന് എഡിജിപി (ഇന്റലിജന്‍സ്) ശുപാര്‍ശ ചെയ്തിട്ടള്ളത്.
റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഗുരുതരമായ മോശം പെരുമാറ്റം അച്ചടക്കമില്ലായ്മ അധികാര ദുര്‍വിനിയോഗം എന്നിവ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Published: 08 Oct 2025, 11:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented