
സോളമൻ ഓലപ്പടക്കം കെട്ടുന്ന യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നു
ആമ്പല്ലൂര്‍: ദീപാവലിക്ക് നാടുനീളെ പടക്കം പൊട്ടിക്കുമ്പോള്‍ ഓലപ്പടക്കം മാലയായി കോര്‍ക്കുന്നതിനുള്ള മെഷീന് നിര്‍മിച്ചിരിക്കുകയാണ് അളഗപ്പനഗര്‍ കല്ലൂക്കാരന് സോളമന്. ഒരു ദിവസം 25,000 ഓലപ്പടക്കം കോര്‍ത്തെടുക്കാവുന്ന യന്ത്രം മൂന്നുമാസംകൊണ്ടാണ് ഉണ്ടാക്കിയത്.
ജോലിയില്‍നിന്ന് വിരമിച്ചിട്ടും വെറുതെയിരിക്കാന്‍ താത്പര്യമില്ലാത്ത സോളമനോട് അങ്കമാലി സ്വദേശിയായ സുഹൃത്താണ് ഓലപ്പടക്കം മാലകെട്ടുന്നതിനുള്ള യന്ത്രം എന്ന ആശയം പറഞ്ഞത്. പടക്കക്കമ്പനികള്ക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ പടക്കം മാല കെട്ടിക്കൊടുക്കുന്ന സുഹൃത്ത് ജോലിഭാരം കുറയ്ക്കാനാണ് മെഷീന് ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര, സില്‍വാസയിലെ ടിസിപിഎല്‍ പാക്കേജിങ് കമ്പനിയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജനറല്‍ മാനേജരായിരുന്ന സോളമന് യന്ത്രം ഉണ്ടാക്കാന്‍ തീരുമാനിച്ചു. അഹമ്മദാബാദില്‍നിന്ന് ഗിയര്‍ബോക്സ് എത്തിച്ചു. ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മൈക്രോമാറ്റിക്സ് ഡൈ ആന്‍ഡ് ടൂള്‍സ് കമ്പനിയില്‍നിന്നാണ് പ്രധാന മോട്ടോര്‍ വാങ്ങിയത്.
പടക്കം കെട്ടുന്ന കയറും തിരിയും ഇഴചേര്‍ത്ത് പിരിച്ചെടുക്കുകയാണ് യന്ത്രത്തിന്റെ പ്രധാന ജോലി. പിരിഞ്ഞുവരുന്ന കയറിലേക്ക് രണ്ടുവീതം ഓലപ്പടക്കം വെച്ചുകൊടുക്കുമ്പോള്‍ കൃത്യമായി മാലയായി കോര്‍ത്ത് താഴെ സജ്ജീകരിച്ച പാത്രത്തിലേക്ക് എത്തുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം.
ഒരാള്‍ ദിവസം 1000 വീതമുള്ള അഞ്ച് മാലയാണ് പരമാവധി കെട്ടും. എന്നാല്‍, യന്ത്രം ഒരുമണിക്കൂറില്‍ 3000 ഓലപ്പടക്കമാണ് കോര്‍ത്തെടുക്കുന്നത്. ഒരു ദിവസം 25,000 എന്നാണ് സോളമന് കണക്കാക്കുന്നത്.
'പൈറോ നോട്ട്' എന്ന് പേരിട്ട മെഷീന് ഉണ്ടാക്കാന്‍ 40,000 രൂപയാണ് ചെലവ് വന്നത്. 1975-ല്‍ മെക്കാനിക്കല്‍ ഡിപ്ലോമ നേടിയ സോളമന് 1977-ല്‍ ആണ് മഹാരാഷ്ട്രയിലെത്തിയത്. ചിത്രകാരനും ഫുട്ബോള്താരവുമായിരുന്ന അദ്ദേഹം പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും തൃശ്ശൂര്‍ ജില്ലാ ടീമിലും കളിച്ചിട്ടുണ്ട്. ഒഴിവുസമയത്തെ നേരമ്പോക്കായാണ് യന്ത്രം ഉണ്ടാക്കിയതെന്ന് ഭാര്യ ലില്ലി പറയുന്നു. മക്കള്‍ രണ്ടാളും എന്‍ജിനീയര്‍മാരാണ്.
Content Highlights: An Indian engineer has invented a machine that strings traditional `Olappadakkam` firecrackers into garlands, capable of producing 25,000 per day. This innovation aims to boost efficiency for firecracker companies.
Published: 20 Oct 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented