കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവി എന്നയാളുടെ മകൻ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രവിയുടെ മകൻ രാഹുൽ (26) എന്നിവരാണ് മരിച്ചത്.

To advertise here,

കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സംഭവം. കോട്ടയം പാലാ സ്വദേശി സിമി, മെഡിക്കൽ കോളേജ് എടുക്കണ്ടപ്പറമ്പത്ത് ഷിജിത്ത്, മരിച്ച മുണ്ടിക്കൽത്താഴം സ്വദേശി രാഹുലിന്റെ സഹോദരൻ വിഷ്ണു എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പൊട്ടിത്തെറിയിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് വിവരം.

പടക്ക നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വി സംഞ്ജിത്ത് പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനാലകൾ പൊട്ടി. ഒരു കിലോമീറ്ററോളം ദൂരത്തിൽ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.