
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി ജയിലിൽ കഴിയാൻ ഇടയാക്കിയ വ്യാജലഹരിക്കേസിലെ പോലീസ് അന്വേഷണം മൂന്നാഴ്‌ച പിന്നിടുമ്പോഴും മുഖ്യപ്രതി നാരായണദാസിനെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾക്കായി പോലീസ് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ താമസസ്ഥലത്ത് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. 2022-ൽ തയ്യാറാക്കിയ വ്യാജപാസ്പോർട്ട് മാത്രമാണ് ഇവിടെനിന്ന് അന്വേഷണസംഘത്തിന് കിട്ടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ കേസിൽ പ്രതിചേർത്ത് എക്സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്.
സംഗീത് എവിടെ...?
: ഷീലാ സണ്ണിയുടെ മകൻ സംഗീത് സണ്ണി മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടും ഹാജരാകാതെ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. രണ്ടാഴ്‌ചയോളമായി ഇദ്ദേഹത്തിന്റെ ഫോൺ ഓഫാണ്. ഏപ്രിൽ രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് രണ്ടാമത് നോട്ടീസ് നൽകിയിട്ടുണ്ട്. കാലടി മറ്റൂരിലെ വീട്ടിലുള്ള ഭാര്യയ്ക്കാണ് നോട്ടീസ് കൈമാറിയത്. ജനുവരി പകുതിയോടെ നായരങ്ങാടിയിലെ സ്വന്തം വീട്ടിൽനിന്ന് സംഗീതും ഭാര്യയും തൃപ്പൂണിത്തുറയിലേക്ക് മാറിയിരുന്നു. സംഗീത് മുഖ്യപ്രതി നാരായണദാസിന്റെ സഹായിയായി കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിലെ എരൂരിലെ നാരായണദാസിന്റെ വീട്ടിൽ ഫെബ്രുവരി ആദ്യം എക്സൈസ് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ ഇതിന് തെളിവ് ലഭിച്ചിരുന്നു. വീട്ടിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് സംഗീത് നാരായണദാസുമായി കാറിൽ പുറത്തുവന്ന ദൃശ്യം കിട്ടിയത്. നേരത്തേ മുംബൈയിലും ഗൾഫിലും ജോലിചെയ്ത സംഗീത് രാജ്യം വിട്ടിട്ടില്ലെന്നാണു സൂചന. നിലവിൽ കേസിൽ പ്രതിയല്ലാത്തതിനാൽ യാത്ര മുൻകൂറായി തടയാൻ പോലീസിന് കഴിയില്ല.
കേസിലെ പ്രധാനസാക്ഷിയാകാൻ സാധ്യതയുള്ള സംഗീതിന്റെ മാറിനിൽക്കൽ വീട്ടുകാരെയും ആശങ്കപ്പെടുത്തുന്നു. ഷീല അറസ്റ്റിലായതിന് പിന്നാലെ വീട്ടിൽനിന്നു പോയ സംഗീതിനും ഭാര്യയ്ക്കും പിന്നീടു കുടുംബവുമായി അടുപ്പമൊന്നുമില്ല. ഇതിനിടെ കേസിന്റെ ഒത്തുതീർപ്പിന് ശ്രമിച്ച് ഒരുതവണ സംഗീത് ഷീലയെ വിളിച്ചിരുന്നു.
Content Highlights: Indications that her son and wife were involved- Sheela Sunny in the drug case
Published: 29 Mar 2025, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented