തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ പ്രതി ലിവിയ ജോസിന്റെ കുറ്റസമ്മതമൊഴി പുറത്ത്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയാണ് ലിവിയ. കുറ്റകൃത്യത്തില്‍ തന്റെ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ പൊലീസിനോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ നാരായണ ദാസിന്റെ സഹായത്തോടെയാണ് കൃത്യം ചെയ്തത്. ഷീലാ സണ്ണിയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞത് അറിഞ്ഞു. ബെംഗളൂരുവില്‍ മോശം ജീവിതമാണ് താന്‍ ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞുണ്ടാക്കി. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു. ഷീലയെ നാണം കെടുത്തുകയായിരുന്നു ലക്ഷ്യം. അതിനാണ് ആഫ്രിക്കന്‍ വംശജനില്‍ നിന്നാണ് ലഹരി സ്റ്റാബ് വാങ്ങിയത്. ലഹരി സ്റ്റാമ്പെന്ന ആശയം നാരാണയദാസിനോട് തുറന്നു പറഞ്ഞുവെന്നും നാരായണ ദാസ് ചതിച്ചുവെന്നും ലിവിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന ലിവിയയ്ക്ക് കേസുമായി ബന്ധമുള്ളതായി അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സംശയമുയര്‍ന്നിരുന്നു. സംഭവം നടന്നതിന്റെ തലേദിവസം സഹോദരിയെ കാണാനെത്തിയ ലിവിയ ഉറങ്ങിയത് ഷീലയുടെ മുറിയിലായിരുന്നു. ഇതില്‍ സംശയം തോന്നിയ എക്‌സൈസ് ക്രൈബ്രാഞ്ച് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അന്വേഷണസംഘം മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ദുബായിലേക്ക് കടന്നു. അടുത്തിടെ പോലീസ് ലിവിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യുവതി നാട്ടിലെത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജുവിനെ വിവരമറിയിച്ചു. ശനിയാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഫോൺ കോളിലൂടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്‌ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കഴിഞ്ഞത്.
ഷീലയെ കുടുക്കാനായി എക്സെെസിനെ ഫോൺ ചെയ്തത് ലിവിയയുടെ നിർദ്ദേശപ്രകാരം നാരായണ ദാസായിരുന്നു. ബെംഗളൂരുവില്‍നിന്ന് പിടിയിലായ നാരായണദാസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ലിവിയയാണ് എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങിയതെന്നാണ് നാരായണദാസിന്റെ മൊഴി. ഒറിജിനല്‍ ആണെന്ന് വിശ്വസിച്ചുതന്നെയാണ് ലിവിയ അവ വാങ്ങിയതെന്നും ഷീലയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കാന്‍ പ്രേരിപ്പിച്ചതെന്നും നാരായണദാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Content Highlights: Fake Drug Case; Accused Livia Jose wanted to tarnish Sheel sunny's image
Published: 15 Jun 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented