തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീലാ സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ ലിവിയ ജോസിനെ കേരളത്തിലേക്ക് എത്തിക്കും. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ദുബായിൽ നിന്ന് മുംബെെ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ലിവിയയ്ക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി.കെ. രാജുവിനെ വിവരമറിയിച്ചു. ശനിയാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും.
ലിവിയയുടെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ ഹർജിയിൽ ശനിയാഴ്ചയാണ് കോടതി വിധി പറയുന്നത്. ഈ സാഹചര്യത്തിൽ യുവതി നാട്ടിലെത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നു.
ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന ലിവിയയ്ക്ക് കേസുമായി ബന്ധമുള്ളതായി അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സംശയമുയർന്നിരുന്നു. സംഭവം നടന്നതിന്റെ തലേദിവസം സഹോദരിയെ കാണാനെത്തിയ ലിവിയ ഉറങ്ങിയത് ഷീലയുടെ മുറിയിലായിരുന്നു. ഇതിൽ സംശയം തോന്നിയ എക്സൈസ് ക്രൈബ്രാഞ്ച് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ അന്വേഷണസംഘം മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിൽ വിദേശത്തേക്ക് കടന്നു.
ലിവിയയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസ് നൽകിയ രഹസ്യവിവരം അനുസരിച്ചായിരുന്നു എക്സൈസ് ഷീലയെ അറസ്റ്റുചെയ്തത്. ബെംഗളൂരുവിൽനിന്ന് ഒന്നരമാസം മുൻപ് പിടിയിലായ നാരായണദാസ് ഇപ്പോൾ റിമാൻഡിലാണ്. ലിവിയയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയതെന്നാണ് നാരായണദാസിന്റെ മൊഴി. ഒറിജിനൽ ആണെന്ന് വിശ്വസിച്ചുതന്നെയാണ് ലിവിയ അവ വാങ്ങിയതെന്നും ഷീലയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നും നാരായണദാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ സാമ്പത്തിക ഇടപാടുകളുള്ളതായും സൂചനയുണ്ട്.
Content Highlights: Sheela Sunny Fake Drug case; Liviya jose is the Key accused
Published: 14 Jun 2025, 08:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented