ചാലക്കുടി വ്യാജലഹരിക്കേസ്: ഷീലയെ കുടുക്കിയത് അപവാദം പറഞ്ഞതിലുള്ള വിരോധത്താലെന്ന് ബന്ധു
കൊടുങ്ങല്ലൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്ന ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ ബന്ധു ലിവിയാ ജോസ് (23) കുറ്റം സമ്മതിച്ചു. ഷീലാ സണ്ണിയും ഭര്‍ത്താവും തന്നെപ്പറ്റി അപവാദം പറഞ്ഞതിലുള്ള വിരോധത്താലാണ് ലഹരിക്കേസില്‍ കുടുക്കിയതെന്നാണ് മൊഴി.
ഷീലാ സണ്ണിയുടെ മകന്റെ ഭാര്യാസഹോദരിയാണ് ലിവിയ. സഹോദരിക്ക് ഭര്‍തൃവീട്ടിലുണ്ടായ ചില പ്രശ്‌നങ്ങളും സ്വത്തുസംബന്ധമായ തര്‍ക്കങ്ങളും ശത്രുത കൂട്ടി. അതേസമയം, സഹോദരിക്ക് സംഭവവുമായി ബന്ധമില്ലെന്നും യുവതി പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ പറഞ്ഞു.
''ബെംഗളൂരുവിലായിരുന്ന താന്‍ മോശമായ രീതിയില്‍ പണം സമ്പാദിക്കുന്നുവെന്ന് ഷീല പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് മകന്‍ സംഗീതിന് ഷീല അയച്ച ഓഡിയോസന്ദേശം കിട്ടാനിടയായി. ഷീലാ സണ്ണിയെ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസുമായി ചേര്‍ന്ന് അവരുടെ വാഹനത്തിലും ബാഗിലും ലഹരിസ്റ്റാമ്പുകള്‍ ഒളിപ്പിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ലഹരിസ്റ്റാമ്പെന്ന് വിശ്വസിച്ചുതന്നെയാണ് വാങ്ങിയത്. അവ നല്‍കിയ ആഫ്രിക്കക്കാരന്‍ പറ്റിച്ചെന്ന് പിന്നീടാണ് മനസ്സിലായത്''- ലിവിയ മൊഴി നല്‍കി.
ദുബായിലായിരുന്ന ലിവിയ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുംബൈയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കൊടുങ്ങല്ലൂരിലെത്തിച്ച ലിവിയയെ നാലുമണിക്കൂറോളം ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. വൈകീട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2023 ഫെബ്രുവരി 27-നാണ് വ്യാജലഹരിക്കേസില്‍ ഷീലാ സണ്ണി അറസ്റ്റിലായത്. 72 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് മോചിതയായത്. രാസപരിശോധനയില്‍ വ്യാജസ്റ്റാമ്പാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ഷീലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം മാര്‍ച്ച് ആദ്യമാണ് കേസന്വേഷണം ഏറ്റെടുത്തത്.
Content Highlights: sheela sunny case key accused livia jose
Published: 16 Jun 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented