തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ ലിവിയാ ജോസിനെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ് നല്‍കിയ കസ്റ്റഡിയപേക്ഷ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തേ അറസ്റ്റിലായ സുഹൃത്ത് നാരായണദാസിനെയും കസ്റ്റഡിയില്‍ വാങ്ങി ലിവിയയ്‌ക്കൊപ്പം ചോദ്യംചെയ്യും.

To advertise here,

വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ലിവിയാ പോലീസിന്റെ പ്രാഥമികചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഷീലാ തനിക്കെതിരേ അപവാദം പറഞ്ഞതിന്റെ വിരോധത്താലാണ് കേസില്‍ കുടുക്കിയതെന്നും ലിവിയ മൊഴി നല്‍കിയിരുന്നു. ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കുടുക്കാന്‍ സ്‌കൂട്ടറിലും ബാഗിലും വെച്ച ലഹരിസ്റ്റാമ്പ് വാങ്ങിയത് ലിവിയയാണെന്നാണ് നാരായണദാസ് മൊഴി നല്‍കിയിരുന്നത്. അതേസമയം, ഷീലയുടെ സ്‌കൂട്ടറിലും ബാഗിലും ലഹരി വസ്തു ഒളിപ്പിച്ചുവെച്ചതായി എക്‌സൈസിനെ വിവരമറിയിച്ചത് നാരായണദാസാണ്. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയും കാരണവും കണ്ടെത്താനാണ് പോലീസ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.