കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ച അതിവേഗ റെയില്‍ പദ്ധതിയെ പിന്തുണച്ച കെ. സുരേന്ദ്രനെതിരേ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് പാര്‍ട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി കൂടിയതിനുശേഷം പറയുമെന്ന് അവര്‍ വ്യക്തമാക്കി. സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി ഒറ്റയാള്‍പ്പട്ടാളമല്ലെന്നും ശോഭ പറഞ്ഞു. 

To advertise here,

ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ല. വി. മുരളീധരന് കേന്ദ്ര മന്ത്രിപദം കിട്ടിയത് വരദാനമായി. മന്ത്രിപദം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണം. മുരളീധരന്‍ എത്രയും പെട്ടെന്ന് സമരപ്പന്തലിലെത്തി, ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം ചെയ്യുന്ന ഹര്‍ഷിനയ്ക്ക് സഹായം ഉറപ്പാക്കണം.

മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും നട്ടെല്ലിന് ബലക്കുറവുള്ളതുകൊണ്ടാണ് ഹര്‍ഷിനയ്ക്ക് ഇങ്ങനെ സമരം നടത്തേണ്ടി വന്നത്. ആര്‍ജവമുള്ളവര്‍ ആയിരുന്നുവെങ്കില്‍ വീണാ ജോര്‍ജ് വഴിയിലിറങ്ങി നടക്കില്ലായിരുന്നു. വിഷയത്തില്‍ അടിയന്തരമായി പ്രശ്‌നപരിഹാരം കാണാന്‍ വീണാ ജോര്‍ജിന് എന്തുകൊണ്ട് കഴിയുന്നില്ല? ഹര്‍ഷിനയ്ക്ക് ആരോഗ്യമന്ത്രി നല്‍കിയ വാക്കുപാലിക്കാന്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

ആരോഗ്യമേഖലയോട് സര്‍ക്കാരിന് അവഗണനയാണ്. നഴ്‌സിങ് പഠനത്തിനുപോലും സംസ്ഥാനത്ത് അവസരമൊരുക്കുന്നില്ല. വൈദഗ്ധ്യമില്ലാത്ത ആളുകളാണ് ഈ മേഖലയിലുള്ളത്. ക്ലിഫ് ഹൗസിലെ കുളം നവീകരിക്കാന്‍ സര്‍ക്കാരിന് ഒരു തടസ്സവുമില്ല. അടിസ്ഥാനവര്‍ഗങ്ങളുടെ നേര്‍ക്ക് കണ്ണടക്കുന്നു. കുടുംബവാഴ്ചക്കു മാത്രമാണു പിണറായി ശ്രദ്ധിക്കുന്നതെന്നും ശോഭ പറഞ്ഞു.