കോഴിക്കോട്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പലസ്തീൻപ്രശ്നം സമാധാനപരമായാണ് പരിഹരിക്കേണ്ടതെന്നും സ്പീക്കർ എ.എൻ. ഷംസീർ. എം.കെ.സി. സ്മാരകസമിതിയുടെ എം.കെ.സി. അബുഹാജി പുരസ്കാരം സൈനുൽ ആബിദീൻ സഫാരിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഭീകരപ്രവർത്തനമെന്നല്ല, ചെറുത്തുനിൽപ്പ് എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഹമാസ് ആക്രമണത്തെ പല്ലിനുപല്ല് എന്ന നയത്തിൽ തിരിച്ചടിക്കുകയല്ല ഇസ്രയേൽ ചെയ്യേണ്ടത്. സമാധാനപരമായ മാർഗങ്ങളിലൂടെ പലസ്തീനികളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഇസ്രയേൽ വഴിയൊരുക്കണം. ഇന്ത്യ എക്കാലവും പലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാൽ, ഇസ്രയേലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നരേന്ദ്രമോദി. രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനാസംരക്ഷണത്തിന് ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടാവണമെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പുരസ്കാരം സൈനുൽ ആബിദീൻ സഫാരിക്ക് സമർപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അനുസ്മരണബുള്ളറ്റിൻ പ്രകാശനംചെയ്തു. നവാസ് പൂനൂർ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പൊന്നാടയണിയിച്ചു. എം.കെ. മുനീർ എം.എൽ.എ. മംഗളപത്രം സമർപ്പിച്ചു.
ഉമർഫൈസി മുക്കം, എം.സി. മായിൻഹാജി, ഡോ. എൽ.എ.എം. അബ്ദുൾ ഖാദർ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, എം.എ. റസാഖ്, പാറക്കൽ അബ്ദുള്ള, ടി.പി. ചെറൂപ്പ, കമാൽ വരദൂർ, കെ. മോയിൻകുട്ടി, മുസ്തഫ മുണ്ടുപാറ, കെ. മൊയ്തീൻകോയ, സി.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Content Highlights: Hamas is not doing terrorism against Israel, but resistance says speaker an shamseer
Published: 22 Oct 2023, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented