തിരുവനന്തപുരം: പി.എസ്.സി.യിൽ പല കാര്യങ്ങളും തീരുമാനിക്കുന്നത് ചെയർമാന്റെ നേതൃത്വത്തിലുള്ള കോക്കസാണെന്ന് അംഗങ്ങളിൽ ചിലർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയതായി സൂചന. പരീക്ഷാത്തട്ടിപ്പുകേസിൽ മൂന്ന് അംഗങ്ങളാണ് ഇതുവരെ മൊഴി നൽകിയത്. ചെയർമാനും ഒന്നോ രണ്ടോ അംഗങ്ങളും അടങ്ങിയ സംഘമാണ് പല പ്രധാന തീരുമാനങ്ങളും എടുക്കുന്നത്. സംഘത്തിലുള്ള രണ്ട് ഇടതുനേതാക്കളുടെ പേരും അന്വേഷണസംഘത്തോട് പറഞ്ഞതായാണ് സൂചന. യോഗങ്ങളിൽ വരുന്ന പൊതുതീരുമാനങ്ങളിൽമാത്രമാണ് തങ്ങൾക്ക് പങ്കുള്ളതെന്നും അവർ പറഞ്ഞിട്ടുണ്ട്.

To advertise here,

ചോദ്യപ്പേപ്പർ തിരഞ്ഞെടുക്കേണ്ടത് ചെയർമാനും പി.എസ്.സി. സെക്രട്ടറിയും പരീക്ഷാകമ്മിഷണറും ചേർന്നാണ്. പലപ്പോഴും സെക്രട്ടറിയെ ഒഴിവാക്കുന്ന രീതി ഉണ്ടായിട്ടുണ്ട്. അഭിമുഖങ്ങളിൽ അംഗങ്ങളെ നിയമിക്കുന്നതടക്കമുള്ള പല കാര്യങ്ങളും ചെയർമാനും ഒപ്പമുള്ള ചില അംഗങ്ങളുംകൂടിയാണ് തീരുമാനിക്കുന്നത്. കേസിൽ പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയും ചെയർമാനുമായി അടുത്ത ബന്ധമാണുള്ളത്. അടുത്ത പി.എസ്.സി. സെക്രട്ടറിക്കുള്ള സീനിയോറിറ്റി ഹരിക്കാണ്. പലപ്പോഴും എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കുകൾ ചെയർമാൻ അറിയാറുണ്ടെന്നും ഇതിനുപിന്നിൽ ഹരിയാണെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ചെയർമാന്റെ ഏകപക്ഷീയമായ ഇടപെടലിൽ നേരത്തേ പടലപ്പിണക്കങ്ങളുണ്ടായിരുന്നു. ഇടതുസർക്കാരിന്റെ കാലത്ത് ശക്തനായിരുന്ന എം.ആർ. ബൈജുവിനും സംഘത്തിനും എതിരേ പരസ്യമായി രംഗത്തെത്താൻ എതിർചേരിക്ക് കഴിയുമായിരുന്നില്ല.

ചെയർമാനെ ചോദ്യം ചെയ്തു 6 മണിക്കൂർ

ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ചെയർമാൻ എം.ആർ. ബൈജുവിനെ ആറുമണിക്കൂർ ചോദ്യംചെയ്തു. ആസൂത്രണബോർഡിലേക്കുള്ള പരീക്ഷാ നടത്തിപ്പിൽ സ്വീകരിച്ച അസാധാരണനടപടികളും അതിനുള്ള കാരണവുമാണ് ക്രൈംബ്രാഞ്ച് ആരാഞ്ഞത്. ക്രമക്കേടല്ല, ഉദ്യോഗസ്ഥർക്കുണ്ടായ സാങ്കേതികപ്പിഴവാണെന്ന പഴയ നിലപാടിൽ ബൈജു ഉറച്ചുനിൽക്കുകയായിരുന്നുവെന്നാണ് വിവരം.