അമ്പലപ്പുഴ: ആലപ്പുഴയിൽ ജി. സുധാകരൻ- സിപിഎം പോര് കടുക്കുന്നു. കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെച്ച് എച്ച്. സലാം ഫേയ്സ്ബുക്കിൽ കുറിച്ചു. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ കൂടി എച്ച് സലാം വിമർശിച്ചു. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി. സുധാകരൻ വിളിച്ചതിന്റെ മറുപടിയായാണ് അമ്പലപ്പുഴ മുൻ എം.എൽ.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാമിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു ജി. സുധാകരൻ പിണറായി വിജയനെതിരേയും കെ.എൻ. ബാലഗോപാലിനെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നായിരുന്നു വിമർശനം. വെള്ളത്തിൽ വീണ അവസ്ഥയാണ് പിണറായിക്ക്. ഒന്നും മിണ്ടുന്നില്ല. കെ.എൻ. ബാലഗോപാലിനാകട്ടെ, സംസാരിക്കാനും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫേയ്സ്ബുക്കിൽ കൂടി മറുപടിയുമായി എച്ച്. സലാം രംഗത്തെത്തിയത്.
പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പികള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരികയെന്ന് എച്ച്. സലാം കുറിച്ചു. ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖം പിണറായി വിജയന്റെ ഔദാര്യമാണെന്നും എച്ച്. സലാം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജി. സുധാകരൻ വലിയ തോതിൽ പണം പിരിച്ചെന്നും ഇത് പാർട്ടിക്ക് മടക്കി നൽകിയില്ലെന്നും ഇതിന്റെ കണക്ക് വ്യക്തമാക്കാൻ ജി. സുധാകരന് ധൈര്യമുണ്ടോ എന്നും എച്ച്. സലാം ഫേയ്സ്ബുക്കിൽ കൂറിപ്പിൽ കൂടി ചോദിച്ചു.
ഫേയ്സ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:
പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ
അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. കേരളത്തിലെ മുതിർന്ന പാർട്ടിനേതാവും പാർട്ടി പി.ബി. അംഗവും പത്ത് വർഷം കേരളത്തിൻ്റെ മുഖ്യമന്ത്രിയും ആയിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും പാർലമെൻ്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവർത്തിച്ച കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി.സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യമാണെന്ന് കരുതരുത്.
പിണറായി വിജയൻ എന്ന മനുഷ്യൻ്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരൻ മറന്നു പോകരുത്. 2021ൽ ഞാൻ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അല്ലാതിരുന്ന ജി.സുധാകരൻ എന്തിന് പണം പിരിച്ചു? അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിൻ്റെ കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ജി. സുധാകരന് ധൈര്യമുണ്ടോ?
മിസ്റ്റർ ജിസുധാകരൻ,
താങ്കൾക്കും വീട്ടിൽ രണ്ട് മൂന്ന് പേർക്കും മാത്രമറിയുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട. പിണറായി വിജയൻ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകൾ പാർട്ടിയെ ധീരമായി നയിച്ച് തുടർഭരണത്തിലേയ്ക്ക് വരെ എൽ ഡിഎഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കൾക്ക് അർഹിക്കാത്ത പരിഗണന നൽകിയ പിണറായിവിജയൻ എന്ന കമ്മ്യൂണിസ്റ്റിൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ?
പാർലമെൻ്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവർത്തിച്ച വ്യക്തിത്വമാണ് കെ.എൻ.ബാലഗോപാലിൻ്റെത്. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺമാരായി മുൻകാലത്ത് പ്രവർത്തിച്ചത് സിപിഎം ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരൻ അധിക്ഷേപിച്ച് വിളിച്ചത് "ഒരുത്തി" എന്നാണ്.
ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ നടത്താനാണോ ജനങ്ങൾ താങ്കൾക്ക് വോട്ട് നൽകിയത്?
മുൻപ് ഷാനിമോൾ ഉസ്മാനെയും ഉഷാസാലിയെയും ഈ തിരഞ്ഞെടുപ്പ് വേളയിൽ സ.സി.എസ്. സുജാതയെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചു. താങ്കൾ പ്രസംഗിക്കുമ്പോൾ ജി.സുധാകരൻ്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കൾ 'ഒരുത്തി' എന്നാണോ വിളിക്കുന്നത്. കഴിഞ്ഞ ദിവസം കരൂർ സ്കൂൾ പ്രവേശനോത്സവം മനോഹരമായി സംഘടിപ്പിച്ച ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ വണ്ടി ഓടിക്കുന്ന തൊഴിലാളിയായ പിടിഎ പ്രസിഡൻ്റിനെ കൊച്ചുകുട്ടികളുടെ മുന്നിൽ വെച്ച് മൈക്കിലൂടെ അസഭ്യം പറഞ്ഞു. അത് കേട്ട് അയാളുടെ മകൾ ആ സ്കൂളിൽ ഇനി ഞാൻ പോകുന്നില്ല എന്ന് പറഞ്ഞ് രണ്ട് ദിവസം ഭയന്നു കരയുകയായിരുന്നു.
ഞാൻ അഞ്ച് വർഷം എംഎൽഎ ആയി പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും ഒരു പൊതുവേദിയിൽ രാഷ്ട്രീയ എതിരാളികളെ മോശപ്പെടുത്തുന്ന ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ? അഞ്ച് വർഷവും പൊതുചടങ്ങുകളുടെ മാന്യത സൂക്ഷിച്ചുണ്ട്. രാഷ്ട്രീയ വേദികളിൽ കൃത്യമായ രാഷ്ട്രീയവും പറഞ്ഞിട്ടുണ്ട്. ഇതല്ലേ ജനപ്രതിനിധികൾ പാലിക്കേണ്ടത്.
മഹാനായ പാർട്ടിനേതാവ് സ. എൻ.എസ്. കൊല്ലത്ത് നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ വിജയിച്ചുവെന്നത് നേരാണ്. അത് ഞങ്ങൾ അംഗീകരിക്കുന്നു. സിപിഎമ്മിൻ്റെ ഉന്നത നേതാക്കൾ മുതൽ പ്രദേശിക പ്രവർത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസൻസ് ആണ് വോട്ടർമാർ താങ്കൾക്ക് തന്നത് എന്ന് വിചാരിക്കരുത്. ഇത്തരം വിവരക്കേട് പറയുമ്പോൾ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്. അത് കേൾക്കുമ്പോൾ കൂടെ നിൽക്കുന്നവർ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ ജനങ്ങളുടെ മുന്നിൽ താങ്കൾ ഒരു രാഷ്ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പികള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരുന്നത്- എച്ച്. സലാം ഫേയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: H. Salam criticizes G. Sudhakaran for calling Pinarayi Vijayan a 'wet chicken'., Allegations of financial irregularities regarding 2021 election funds raised against G. Sudhakaran., H. Salam condemns G. Sudhakaran's alleged misogynistic remarks toward female party leaders., The internal rift in Alappuzha CPM intensifies following public verbal exchanges.
Published: 08 Jun 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented