ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പരിപാടികളിൽ ഇടതുവിദ്യാർഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയതിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ. ഭാരവാഹികൾക്കിടയിൽ കടുത്ത അമർഷം. ഇതിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'വീ ദ ഛോട്ടു' എന്നാക്കി.
പ്രതിഷേധ മാർച്ചിനിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഏറ്റവും മുന്നിൽ നടന്നതും നേതാക്കളുടെ ബസിലും ട്രക്കിലും ഇടംനേടിയതും നേഹ ബോറയായിരുന്നു. തങ്ങൾ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോൾ മറ്റ് സംഘടനകളുടെ നേതാക്കൾക്ക് വേദി നൽകുന്നതിൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. നേഹ ബോറ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് സംയുക്ത വാർത്താസമ്മേളനം നടത്തിയതിലും എൻ.എസ്.യു.ഐ നേതാക്കൾക്ക് അമർഷമുണ്ടായിരുന്നു.
സുപ്രീം കോടതി മാർച്ചിനുശേഷം എൻ.എസ്.യു.ഐയുടെ 'ഡൽഹി കോഓർഡിനേഷൻ' വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. "ഞങ്ങൾ വെറും ജനക്കൂട്ടത്തെ കൂട്ടാൻ മാത്രമുള്ളവരാണോ?" എന്ന് ചോദിച്ച നേതാക്കൾ, തങ്ങൾ കൂട്ടിയ ജനക്കൂട്ടത്തിന് മുന്നിൽ മറ്റൊരു സംഘടനയിലെ നേതാവ് പ്രമുഖയായി നിൽക്കുന്നതിലുള്ള വിഷമവും പങ്കുവെച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന സൽക്കാരത്തിലും അതിനുശേഷമുള്ള വാർത്താസമ്മേളനത്തിലും നേഹ ബോറ പങ്കെടുത്ത് സംസാരിച്ചു. ഈ സൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭീജിത് ദീപ്കെയെ ക്ഷണിച്ചിരുന്നെങ്കിലും ഡൽഹിക്ക് പുറത്തായതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർച്ചയായ ദിവസങ്ങളിൽ നേഹ ബോറ രാഹുലിനൊപ്പം വേദി പങ്കിടുന്നത് കണ്ടതോടെ എൻ.എസ്.യു.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങി.
അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെ ശാന്തരാക്കാൻ രാഹുൽ ഗാന്ധിയുമായി യോഗം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പരാതികൾ പരിഹരിച്ച ശേഷമാണ് എൻ.എസ്.യു.ഐ പ്രവർത്തകർ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയപടിയാക്കിയത്. യുവജന വിഭാഗം കോർഡിനേറ്റർ കനയ്യ കുമാർ, പ്രസിഡന്റ് വിനോദ് ജാഖർ എന്നിവരടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പാണ് മൂന്ന് ദിവസത്തോളം 'വീ ദ ഛോട്ടു' എന്ന പേരിൽ തുടർന്നത്. തർക്കങ്ങൾ പരിഹരിച്ചതിനെ തുടർന്ന് ഭാരവാഹികളുടെ അമർഷം ശമിച്ചതായാണ് റിപ്പോർട്ടുകൾ.
Published: 17 Oct 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented