അമ്പലപ്പുഴ: ജി. സുധാകരൻ ഇത്തവണ എല്ലാ നേതാക്കളെയും ജാതിയും മതവും പറഞ്ഞ് ആക്ഷേപിച്ചതായി അമ്പലപ്പുഴ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയും നിലവിലെ എം.എൽ.എ.യുമായ എച്ച്. സലാം.
‘എന്നെ മുസ്ലിമായും തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടനെ പട്ടികജാതിക്കാരനായും സി.എസ്. സുജാതയെ നായരായും ആർ. നാസറിനെ ഈഴവനായും ജാതിപറഞ്ഞ് അധിക്ഷേപിച്ചു. സ്ത്രീയെന്ന പരിഗണനപോലും നൽകാതെയാണു സി.എസ്. സുജാതയെ അധിക്ഷേപിച്ചത്’.
‘60 വർഷം പ്രവർത്തിച്ചിട്ടും കമ്യൂണിസത്തിന്റെ ചെറിയ അംശം പോലും അദ്ദേഹത്തിനു മനസ്സിൽ പേറാൻ കഴിഞ്ഞില്ലെന്നതോർത്ത് സഹതപിക്കുകയാണ്.
മത്സ്യത്തിന്റെ മണമുള്ള മണ്ണ് അമ്പലത്തിലടിച്ചു എന്നദ്ദേഹം പറഞ്ഞത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. മത്സ്യത്തിന്റെ മണം ദുഷിപ്പായി മനസ്സിൽ കാണുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്’.
ജി. സുധാകരന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന 50 ലക്ഷം രൂപ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ചമുൻപ് മറ്റൊരാളുടെ അക്കൗണ്ടിലേക്കു മാറ്റിയതെന്തിനാണ്? സ്വത്തുവിവരം കാണിക്കുമ്പോൾ കൈയിൽ ഇതേയുള്ളൂവെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താനോ? അതോ സ്രോതസ്സിന് എന്തെങ്കിലും പ്രശ്നമുണ്ടായിട്ടോ? ഗൗരവകരമായ ഈ പ്രശ്നത്തിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പുകമ്മിഷനു പരാതി നൽകിയിട്ടുണ്ടെന്നും സലാം പറഞ്ഞു.
സുധാകരന്റെ അധിക്ഷേപങ്ങൾ തനിക്കു ഗുണംചെയ്യും. ഉറപ്പായും ജയിക്കും. ബി.ജെ.പി. വോട്ട് എത്രത്തോളം യു.ഡി.എഫ്. പിടിക്കുമെന്നതനുസരിച്ചാകും ഭൂരിപക്ഷം. സുധാകരൻ ആദ്യവസാനം കളവുമാത്രമാണു പറഞ്ഞത്. തിരഞ്ഞെടുപ്പുകമ്മിറ്റിയും കൺവെൻഷനും ചുമരെഴുത്തും പോസ്റ്ററും ഉണ്ടാകില്ലെന്നു പറഞ്ഞിരുന്നെങ്കിലും അതെല്ലാമുണ്ടായിരുന്നു. സ്വതന്ത്രനായിരുന്നില്ല, യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു അദ്ദേഹം. ബി.ജെ.പി. വോട്ടു നേടാനുള്ള നീക്കമായിരുന്നു സ്വതന്ത്രമുഖമെന്നും എച്ച്. സലാം ആരോപിച്ചു.
Content Highlights: H. Salam alleges G. Sudhakaran used caste-based slurs against LDF leaders., Concerns raised over financial discrepancies in Sudhakaran's asset disclosures., Allegations of secret collusion between Sudhakaran and UDF/BJP factions., Impact of communal rhetoric on 2026 election dynamics in Ambalappuzha.
Published: 11 Apr 2026, 08:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented