
ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി. സുധാകരൻ. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ല. ആരുടേയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പാർട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ആരുടെയും പിന്തുണ തേടി പോയിട്ടില്ലെന്നും എന്നാൽ, പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ അപ്പപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിപുലമായ കൺവെൻഷനുകളോ ചുവരെഴുത്തുകളോ നടത്തില്ല. തന്റെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾക്കറിയാം. രാഷ്ട്രീയ രംഗത്തെ ക്രിമിനൽവത്കരണത്തിനെതിരെയുള്ള പോരാട്ടം തന്റെ തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളമരം കരീം സമർപ്പിച്ച റിപ്പോർട്ട് പൂർണമായും കള്ള റിപ്പോർട്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സുധാകരൻ ഉന്നയിച്ചു. തന്നെ പാർട്ടിക്കകത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് 22 ആരോപണങ്ങളുള്ള ഈ റിപ്പോർട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് സ്ഥിതിഗതികളെക്കുറിച്ച് താൻ നൽകിയ 25 പേജുള്ള വിശദീകരണത്തിലെ ഒരു വരിപോലും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. അമ്പലപ്പുഴയിൽ തനിക്ക് ലഭിച്ച 23,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ നേട്ടമാണെന്നും, മുൻപ് വി.എസ്. അച്യുതാനന്ദന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിരുന്നില്ല. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായെത്താ സമീപിച്ചിട്ടുമില്ല, സുധാകരൻ വ്യക്തമാക്കി.
തന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. ദേശാഭിമാനിയല്ലാത്ത എല്ലാ പത്രങ്ങളും തന്നെ സംബന്ധിച്ച വ്യാജവാർത്ത നൽകി. ദേശാഭിമാനി മുൻപേ തന്നെക്കുറിച്ചുള്ള വാർത്തകൾ നൽകാറോ പരിഗണിക്കാറോ ഇല്ല. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്കരിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിലൊന്നും തന്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ല. പത്രാധിപന്മാരല്ല ഇതിന് പിന്നിലെന്നും, മറിച്ച് അവിടെയുള്ള മറ്റു ചിലരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താസമ്മേളനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ ഘടകം ഇത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നശേഷം ജില്ലാ സെക്രട്ടറി ആർ. നാസറും എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ വീട്ടിൽ സന്ദർശിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലാണ് പാർട്ടി നേതാക്കൾ സുധാകരനെ കാണാനെത്തിയത്. മുഖ്യമന്ത്രി സുധാകരനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്.
Content Highlights: G. Sudhakaran Breaks Silence: Denies Rumors of Independent Run
Published: 12 Mar 2026, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented