കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ നടപടികൾക്കെതിരെ ഡൽഹിയിൽ സമരത്തിനിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരുമിച്ച് കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ്. എസ്.ഐ.ആർ നടപടികൾ വ്യാജമാണെന്ന നിലപാടുള്ള ഇരുവരും അധികാരസ്ഥാനങ്ങളിൽ ഒരുനിമിഷം പോലും തുടരാൻ അർഹരല്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിൽ നടപ്പിലാക്കിയ എസ്.ഐ.ആർ മികച്ചതും മറ്റു സംസ്ഥാനങ്ങളിൽ നടത്തിയത് മോശവുമെന്ന നിലപാട് തികഞ്ഞ കാപട്യമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. മരിച്ചവരും ഇരട്ടവോട്ടുകളും ഉൾപ്പെടെ കേരളത്തിൽനിന്ന് മാത്രം 24 ലക്ഷം വ്യാജവോട്ടുകളാണ് എസ്.ഐ.ആർ വഴി കമ്മിഷൻ വെട്ടിനീക്കിയത്. ഇതിൽ യാതൊരു പരാതിയും ഉന്നയിക്കാത്തവരാണ് മറ്റു സംസ്ഥാനങ്ങളിലെ നടപടിയെ 'വോട്ട് ചോരി' എന്ന് അധിക്ഷേപിക്കുന്നതും ഡൽഹിയിൽ പോയി സമരം ചെയ്യുന്നതും. ജനങ്ങളെ കബളിപ്പിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം വിമർശിച്ചു.

‘കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികതയുടെ പേരിലാണ് ഡൽഹിയിൽ പോയി സമരം നടത്താൻ കഴിയുന്നതെന്നും സാബു എം. ജേക്കബ് ചോദിച്ചു.

ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ വി.ഡി. സതീശനും പിണറായി വിജയനും ഒരമ്മപെറ്റ മക്കളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഡൽഹിയിൽ സമരംചെയ്ത ഇരുവരും ധൈര്യമുണ്ടെങ്കിൽ കേരളത്തിലും എസ്.ഐ.ആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണം. ഡൽഹിയിലെ സമരത്തിനിറങ്ങും മുൻപ് പിണറായി വിജയൻ പോലീസ് കസ്റ്റഡിയിലായപ്പോൾ സിപിഎം പ്രവർത്തകരേക്കാൾ വേദനിച്ചത് വി.ഡി. സതീശനാണ്. അദ്ദേഹത്തെ പുറത്തിറക്കാൻ ആദ്യം ഇടപെട്ടതും സതീശൻ തന്നെയാണ്. ഭരണ-പ്രതിപക്ഷങ്ങളുടെ ഈ ഒത്തുകളിയും ഇരട്ടത്താപ്പും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.