അമ്പലപ്പുഴ: ജി. സുധാകരൻ എം.എൽ.എ. പൊതുപരിപാടിയിൽ രാഷ്ട്രീയം പറഞ്ഞെന്നാരോപിച്ച് സി.പി.എം. പ്രവർത്തകർ പ്രകോപിതരായി. വേദിയറിഞ്ഞ് സംസാരിക്കണമെന്ന സി.പി.എം. പഞ്ചായത്തംഗത്തിന്റെ പരാമർശത്തിനു മറുപടി നൽകിയ അദ്ദേഹം പ്രസംഗം തുടർന്നെങ്കിലും പിന്നീട് രാഷ്ട്രീയവിഷയങ്ങൾ പരാമർശിച്ചില്ല.

To advertise here,

തിങ്കളാഴ്ച 10.30-ന് പുറക്കാട് ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡിൽ തോട്ടപ്പള്ളി പുതുവനച്ചിറയിൽ മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടനവേദിയിലായിരുന്നു സംഭവം. പ്രസംഗത്തിനിടെ സുധാകരൻ കഴിഞ്ഞദിവസം നീർക്കുന്നം സ്കൂളിലുണ്ടായ സംഭവം വിവരിച്ചതോടെയാണ് സി.പി.എം. പ്രവർത്തകർ പ്രകോപിതരായത്.

നീർക്കുന്നം സ്കൂളിൽ മണൽകടത്തുന്നെന്ന പരാതിയന്വേഷിക്കാനെത്തിയ സുധാകരനും സ്ഥലത്തെത്തിയ ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ എസ്. ഹാരിസുമായി വാക്കേറ്റമുണ്ടായിരുന്നു.

ഇതിനെ വിമർശിച്ചു സംസാരിച്ച സുധാകരനോട് വേദിയറിഞ്ഞു സംസാരിക്കണമെന്ന് സദസ്സിലുണ്ടായിരുന്ന പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ആർ. ഉണ്ണി പറഞ്ഞു.

പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരനും തിരിച്ചടിച്ചു. സി.പി.എം. നന്നാകണമെന്നാഗ്രഹമുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം പൂർത്തിയാക്കി കല്ലുകെട്ടിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചശേഷമാണ് സുധാകരൻ മടങ്ങിയത്.

സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ആഹ്വാനപ്രകാരമാണ് പ്രതിഷേധം നടക്കുന്നതെന്ന് ജി. സുധാകരൻ പിന്നീട് ‘മാതൃഭൂമി’യോടു പ്രതികരിച്ചു. നീർക്കുന്നം സ്കൂളിൽ നടന്ന കാര്യം പറയുന്നതിലെന്താണു തെറ്റെന്നും ജനപ്രതിനിധിയെ തടയുമെന്നു പറയുന്നതു തെറ്റല്ലെയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പൊതുവേദിയിൽ രാഷ്ട്രീയം പറയുന്നതിനെയാണ് എതിർക്കുന്നതെന്ന് സി.പി.എം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി. ഷാംജി പറഞ്ഞു. അങ്ങനെ രാഷ്ട്രീയം പറയുന്നവേദിയിൽ പാർട്ടിയംഗങ്ങളോ അനുഭാവികളോ ഉണ്ടെങ്കിൽ ചോദ്യംചെയ്യണം. മൈക്കിലൂടെ മറുപടിപറയുകയും വേണമെന്നു പറഞ്ഞിട്ടുണ്ടെന്നും ഷാംജി പറഞ്ഞു.