പാലക്കാട്: സ്ത്രീയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഭർത്താവ് അടക്കം മൂന്നു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് സേലം സ്വദേശി കണ്ണൻ (46), കോയമ്പത്തൂർ സ്വദേശി റംലത്ത് (സലീന-48), ആലത്തൂർ ഇരട്ടക്കുളം സ്വദേശി ശക്തൻ (54) എന്നിവരെയാണ് പാലക്കാട് മൂന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതി ശേഖരൻ (84) വിചാരണയ്ക്കിടെ മരിച്ചിരുന്നു.

To advertise here,

2016 ജൂൺ 23-ന് രാത്രി 7.10-നാണ് സംഭവം. ഭർത്താവ് ശക്തനുമായി പിണങ്ങിക്കഴിയുകയായിരുന്ന ആലത്തൂരിൽ താമസിച്ചിരുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. പലപ്രശ്നങ്ങളുടെയും തുടർച്ചയായി ഉണ്ടായ വ്യക്തിവിരോധം കാരണം സംഘംചേർന്ന് ഗൂഢാലോചന നടത്തി സ്ത്രീയുടെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചെന്നായിരുന്നു കേസ്.

സംഭവദിവസം രണ്ടാം പ്രതിയായ ശേഖറിന്റെ കാറിൽ ആലത്തൂർ വേപ്പിലശ്ശേരിയിലുള്ള വീടിനുമുന്നിൽ ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ സേലം സ്വദേശി കണ്ണനാണ് ആസിഡ് ഒഴിച്ചത്. പരാതിക്കാരിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വിരൂപമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒന്നും മൂന്നും നാലും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നണ് പ്രോസിക്യൂഷൻ വാദം. രണ്ടാംപ്രതി ശേഖരൻ ഇവർക്ക് 1,40,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും പറയുന്നു.

അന്നത്തെ ആലത്തൂർ സബ് ഇൻസ്പെക്ടർമാരായ എ. പ്രതാപ്, എസ്. അനീഷ് എന്നിവർ കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. ജി.എസ്.ഐ. രാമസ്വാമി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. സ്ത്രീയുടെ ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനുപുറമെ മുഖത്തിന്റെ ഒരുഭാഗവും ശരീരത്തിന്റെ പലഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. ഇതെല്ലാം കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷനുവേണ്ടി മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എസ്. സിദ്ധാർഥൻ ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ സമർപ്പിക്കുകയും ചെയ്തു. ജി.എസ്.ഐ. സുരേഷ്ബാബു, സി.പി.ഒ. സുബാഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.