കാസർകോട്: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും ആഗോള ഊർജക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപയും സി.എൻ.ജി വില കിലോഗ്രാമിന് രണ്ടുരൂപയും വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ, നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റയടിക്കുള്ള വർധനയാണ് വെള്ളിയാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വന്നത്. പ്രാദേശികനികുതികൾ കൂടി ചേരുമ്പോൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ധനങ്ങൾക്ക് മൂന്ന് രൂപ ഇരുപത്തിയേഴ് പൈസയോളം വർധിച്ചിട്ടുണ്ട്.
പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.75 രൂപയായും ഡീസൽ വില 99.63 രൂപയായും ഉയർന്നു. സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നതാണ് ഇന്ധനവില വർധന. പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും പോകുന്ന സാധാരണക്കാരുടെ മാസച്ചെലവ് ക്രമാതീതമായി ഉയരും.
വരുമാനം വർധിക്കാതെ ചെലവുകൾ മാത്രം കുതിച്ചുയരുന്നത് ഇടത്തരക്കാരുടെ സമ്പാദ്യങ്ങളെയും ജീവിതനിലവാരത്തെയും ബാധിക്കും.
ചരക്കുനീക്കത്തിന് ചെലവേറും; വിലക്കയറ്റം രൂക്ഷമാകും
ഇന്ധനവില കൂട്ടിയത് എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും. പച്ചക്കറി, അരി, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയ്ക്കായി ജില്ലയും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡീസൽവില ഒറ്റയടിക്ക് കൂട്ടിയതോടെ ചരക്ക് കടത്തുകൂലി കുത്തനെ ഉയരും. ഇത് വിപണിയിൽ മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖലകളിൽ വിലക്കയറ്റത്തിന് കാരണമാകും.
നിർമാണമേഖലയെയും ബാധിക്കും
ചരക്കു കടത്തുകൂലി വർധിക്കുന്നത് സിമന്റ്, മണൽ, കമ്പി തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില ഉയർത്തുകയും സാധാരണക്കാരുടെ വീടുപണി ബജറ്റ് താളംതെറ്റുകയും ചെയ്യും.
ബസ് വ്യവസായത്തിനും തിരിച്ചടി
വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്കും സ്വകാര്യ ബസുകൾക്കും പുതിയ ഡീസൽ നിരക്ക് വലിയ ആഘാതമാണ്. വരുമാനത്തിലെ ഇടിവും ഉയർന്ന പ്രവർത്തനച്ചെലവും കാരണം ബസ് വ്യവസായം ഇപ്പോൾതന്നെ തകർച്ചയിലാണ്. ബസ് ചാർജ് വർധനയ്ക്കായി ഉടമകൾ സമ്മർദം ശക്തമാക്കാൻ സാധ്യതയുമുണ്ട്.
ഓട്ടോ, ടാക്സി മേഖലയും ഞെട്ടലിൽ
ഒാട്ടോറിക്ഷ, ടാക്സി മേഖലകളെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ധനവില വർധിപ്പിച്ചത്. ജീവിതച്ചെലവ് കൂടിയത് കാരണം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഒാട്ടോ, ടാക്സി ഡ്രൈവർമാർ. സി.എൻ.ജി. വിലയിലെ വർധന ഇത്തരം ഒാട്ടോറിക്ഷകളുടെയും ഇന്ധനച്ചെലവ് കൂട്ടും. നിരക്ക് വർധനയ്ക്കായി ഇവരും ആവശ്യമുന്നയിക്കുമെന്നുറപ്പാണ്. ആത്യന്തികമായി ഇതെല്ലാം സാധാരണക്കാരന്റെ കീശയാണ് ചോർത്തുന്നത്.
ഹോട്ടൽമേഖല കൂടുതൽ പ്രതിസന്ധിയിലാകും
വാണിജ്യ എൽ.പി.ജി. നിരക്കുകൾക്ക് പിന്നാലെ ഇന്ധനവിലയും ഉയർന്നത് ഹോട്ടൽ വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. എൽ.പി.ജി. വിലവർധന കാരണം ജില്ലയിൽ ഇരുന്നൂറോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. പലതും പൂട്ടലിന്റെ വക്കിലുമാണ്.
പിടിച്ചുനിൽക്കാൻ മിക്ക ഹോട്ടലുകളും വിഭവങ്ങളുടെ വില കൂട്ടിയിരുന്നു. ചായക്കും കടികൾക്കും മൂന്നുരൂപമുതൽ മുകളിലേക്കാണ് വില കൂട്ടിയത്. ഊണിനും അഞ്ച് രൂപമുതൽ കൂട്ടി. ഇന്ത്യൻ കോഫിഹൗസിൽ 60 രൂപയായിരുന്ന ഊൺ വില 65 രൂപയായി.
ഗാർഹിക എൽ.പി.ജി.ക്ക് വില കൂട്ടാതെ വാണിജ്യ സിലിൻഡറുകൾക്കാണ് കൂട്ടിയതെങ്കിലും പരോക്ഷമായി അത് ജനങ്ങളുടെ കീശയെ തന്നെയാണ് ബാധിക്കുന്നത്. അത്യാവശ്യസാഹചര്യങ്ങളിൽ പുറത്തുനിന്ന് എന്തെങ്കിലും കഴിക്കാമെന്നുവെച്ചാൽ കീശ കീറും. ഗാർഹിക സിലിൻഡറുകൾക്കുള്ള നിയന്ത്രണം ഇതിനുപുറമേയാണ്.
മീൻപിടിത്തത്തിനും ചെലവേറും
വലിയ മീൻപിടിത്ത യാനങ്ങളിൽ ഇന്ധനമായി ഡീസലാണ് ഉപയോഗിക്കുന്നത്. മീൻ ലഭ്യതക്കുറവ് കാരണം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖലയെ ഡീസൽ വിലക്കയറ്റം കാര്യമായി ബാധിക്കും.
മണ്ണെണ്ണയുടെ വിലവർധനയും ദൗർലഭ്യവും കാരണം ചെറുയാനങ്ങളും ഇപ്പോൾ പെട്രോൾ, ഡീസൽ അല്ലെങ്കിൽ എൽ.പി.ജി എൻജിനുകളിലേക്ക് മാറുകയാണ്. ഇവർക്കും തിരിച്ചടിയാണ് വിലവർധന.
Content Highlights: Petrol and diesel prices increased by ₹3 per liter; CNG by ₹2 per kg., Highest single-day price hike recorded in the last four years., Significant impact on logistics, food prices, construction materials, and public transport., Hospitality and fishing sectors face severe operational financial strain., General inflation expected to rise across all essential commodities.
Published: 16 May 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented