ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് (Ethanol blended petrol) ഏർപ്പെടുത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. പെട്രോളിൽ 22% മുതൽ 30% വരെ എഥനോൾ കലർത്തിയ ഇന്ധനത്തിനാണ് എക്‌സൈസ് ഡ്യൂട്ടിയിൽ ഇളവ് നൽകുന്നത്. 22%, 25%, 27%, 30% എന്നീ ക്രമത്തിൽ എഥനോൾ കലർത്തിയ പെട്രോളിനാണ് (E22, E25, E27, E30) സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കിയത്. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് (AIDC) എന്നിവയും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്.

To advertise here,

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പെട്രോളിൽ എഥനോൾ കലർത്തി തുടങ്ങിയത്. ഉയർന്ന അളവിൽ എഥനോൾ അടങ്ങുന്ന ഇന്ധനത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഫ്‌ലെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി E85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ധനത്തിന്റെ നികുതി ഒഴിവാക്കുന്നതോടെ പമ്പുകളിൽ ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ പെട്രോൾ വില കുറയാൻ ഇത് കാരണമായേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങി.

ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഇന്ത്യയുടെ എണ്ണ വിതരണത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടുണ്ട്.