ന്യൂഡൽഹി: വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ്. 90 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിലെ വിലക്രമീകരണം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ വിലനിലവാരം പ്രകാരം പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ്. അതേസമയം മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഈ വില വ്യത്യാസം കാരണം വ്യവസായ സ്ഥാപനങ്ങൾ പമ്പുകളിൽനിന്ന് വ്യാപകമായി ഇന്ധനം വാങ്ങാൻ തുടങ്ങി. ഇതോടെ ചിലയിടങ്ങളിൽ ഡീസലിന് അമിത ഡിമാൻഡ് അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാറിന്റെ നടപടി.
വാണിജ്യാവശ്യങ്ങൾക്ക് ഡീസൽ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളുൾപ്പെടെയുള്ള വലിയ ഉപഭോക്താക്കളിൽനിന്ന് വിപണി നിരക്കാണ് ഈടാക്കുന്നത്. ഇതാണ് പമ്പുകളിലെ വിലയേക്കാൾ വലിയ തുകയാകാൻ കാരണം. വിലവ്യത്യാസം മുതലെടുത്ത് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ അസ്വാഭാവികമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. വൻകിടക്കാർ പമ്പുകളെ ആശ്രയിക്കുന്നത് സാധാരണക്കാർക്ക് ഇന്ധനക്ഷാമം ഉണ്ടാക്കാൻ ഇടയാക്കുമെന്ന് കണ്ടാണ് സർക്കാർ ഇടപെടൽ.
പുതിയ ഉത്തരവ് പ്രകാരം, ഇത്തരം സ്ഥാപനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങാൻ വിലക്കുണ്ടാകും. പകരം സ്വന്തം കൺസ്യൂമർ പമ്പുകൾ വഴി മാത്രമേ ഇന്ധനം സംഭരിക്കാൻ സാധിക്കൂ. കൂടാതെ, പമ്പുകളിൽനിന്ന് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ചിട്ടുള്ള കാനുകളിലേക്കോ മാത്രമേ ഇന്ധനം നൽകാവൂ എന്നും നിയന്ത്രണമുണ്ട്. ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ. ഇങ്ങനെ വാങ്ങുന്ന ഡീസൽ മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്കും മറ്റ് അംഗീകൃത ഇന്ധന വിതരണക്കാർക്കും സർക്കാർ അധികാരം നൽകിയിട്ടുണ്ട്. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അനധികൃതമായി ഇന്ധനം വാങ്ങൽ, വിതരണം അട്ടിമറിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Published: 12 Jun 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented